| Saturday, 29th July 2023, 7:06 pm

ആസിഫ് ചിത്രം 'കാസർഗോൾഡ്' റിലീസിനൊരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനാകുന്ന കാസർഗോൾഡ് റിലീസിനൊരുങ്ങുന്നു. മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 15ന് ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’. ബി.ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ജൂലൈ രണ്ടാം വാരത്തിൽ റിലീസ് ചെയ്ത ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.

പ്രേക്ഷകർക്കിടയിൽ റിലേറ്റബിൾ ആയിട്ടുള്ള ആൾ വേണമെന്ന് തോന്നിയതുകൊണ്ടാണ് ആസിഫ് അലിയെ തെരഞ്ഞെടുത്തതെന്ന് സംവിധായകൻ മൃദുൽ പറഞ്ഞു.

‘കഥ ആലോചിക്കുന്ന സമയത്ത് നായകൻ പ്രേക്ഷകർക്കിടയിൽ റിലേറ്റബിൾ ആകണമെന്ന് മാത്രമായിരുന്നു ചിന്ത. അതുകൊണ്ട് തന്നെയാണ് ആസിഫ് അലി എപ്പോഴും മനസ്സിലേക്ക് ഓടിവരുന്നത്. നല്ല പരിചയം ഉള്ളതുകൊണ്ട് തന്നെ ഒരു പ്രത്യേക വൈബും ഞങ്ങൾ തമ്മിലുണ്ട്. അതിനാൽ മികച്ച റിസൾട്ട് തന്നെ നേടിയെടുക്കാൻ സാധിക്കും,’മൃദുൽ പറഞ്ഞു.

മികച്ച തിയേറ്റർ എക്സ്പീരിയസ് നൽകുന്ന ചിത്രമായിരിക്കും കാസർഗോൾഡ് എന്നും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന എന്റർടെയ്‌നർ കൂടിയാകുമെന്നും ആസിഫ് പറഞ്ഞു.

‘കൊവിഡിന് ശേഷം പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ആവശ്യം ഫാസ്റ്റ് തീയേറ്ററിൽ കാണാൻ മാത്രം കഴിയുന്ന സിനിമകളാണ്. ‘തീയേറ്റർ എക്സ്പീരിയൻസ് ‘ എന്ന വാക്കിന് അത്രമേൽ ഡിമാൻഡ് ആണ് ഇപ്പോഴുള്ളത്. ‘കാസർഗോൾഡ്’ എന്ന ഞങ്ങളുടെ ചിത്രം പ്രേക്ഷകർക്ക് ത്രില്ലിനോടൊപ്പം തന്നെ മികച്ച എന്റർടൈനർ കൂടിയായി മാറും,’ ആസിഫ് അലി പറഞ്ഞു.

സണ്ണി വെയ്‌ന്റെ വാക്കുകൾ ഇങ്ങനെ ‘മറ്റ് ഭാഷകളിലെ നിർമാതാക്കൾ മലയാള സിനിമയിലേക്ക് എത്തുന്നതോടെ അതിർവരമ്പുകൾ താണ്ടി മലയാള സിനിമയ്ക്ക് മുന്നേറാൻ സാധിക്കുന്നു. രാജ്യമൊട്ടാകെയുള്ള എല്ലാ പ്രേക്ഷകർക്കും സിനിമ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല,’.

പി.പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന- മുഹ്‌സിൻ പരാരി, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ, സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി.ആർ.ഒ. ശബരി.

Content Highlights: Kasargold movie release date

We use cookies to give you the best possible experience. Learn more