മയക്കുമരുന്നും കാസര്‍ഗോഡും; മറുപടി ഞങ്ങള്‍ ടീസറില്‍ തന്നെ പറഞ്ഞിട്ടുണ്ട്; കാസര്‍ഗോഡിനെ കുറിച്ച് സംവിധായകന്‍ മൃദുല്‍ നായര്‍
Movie Day
മയക്കുമരുന്നും കാസര്‍ഗോഡും; മറുപടി ഞങ്ങള്‍ ടീസറില്‍ തന്നെ പറഞ്ഞിട്ടുണ്ട്; കാസര്‍ഗോഡിനെ കുറിച്ച് സംവിധായകന്‍ മൃദുല്‍ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th September 2023, 1:52 pm

മയക്കുമരുന്നിന്റെ ലഭ്യത എളുപ്പമായതുകൊണ്ടാണ് സിനിമാക്കാര്‍ ഇപ്പോള്‍ കാസര്‍ഗോഡ് സിനിമ കേന്ദ്രീകരിക്കുന്നതെന്ന നിര്‍മാതാവ് എം. രഞ്ജിത്തിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രഞ്ജിത്ത് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

കാസര്‍ഗോഡ് ജില്ലയ്‌ക്കെതിരെ ഇത്തരത്തിലൊരു വിമര്‍ശനം വന്ന സാഹചര്യത്തില്‍ ‘കാസര്‍ഗോള്‍ഡ്’ എന്ന് സിനിമയ്ക്ക് പേരിടുന്നത് വെല്ലുവിളിയായി തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിര്‍മാതാവ് മൃദുല്‍ നായര്‍. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്റെ മറുപടി.

അത്തരത്തിലൊരു പേടിയും ഇല്ലെന്നും തന്നെ സംബന്ധിച്ച് ഇമോഷണലി വലിയ കണക്ഷനുള്ള ജില്ലയാണ് കാസര്‍ഗോഡെന്നും കള്‍ട്ട് ജില്ലയെന്നാണ് കാസര്‍ഗോഡിനെ താന്‍ വിശേഷിപ്പിക്കുകയെന്നും മൃദുല്‍ പറഞ്ഞു.

‘കാസര്‍ഗോഡേക്ക് സിനിമ കേന്ദ്രീകരിക്കുന്നത് മയക്കുമരുന്ന് ലഭ്യത ഉറപ്പായതുകൊണ്ടാണെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സിനിമയുടെ ടീസറില്‍ തന്നെ ഞങ്ങള്‍ അതിന് മറുപടി നല്‍കിയിട്ടുണ്ട്. ‘കാസര്‍ഗോഡ് എന്ന് കേട്ടാ എന്താവിചാരിച്ചേ മയക്കുമരുന്ന് എന്നാണോ ഇത് ഗോള്‍ഡെഡാ ഗോള്‍ഡ്’ എന്ന് ഞങ്ങള്‍ ടീസറില്‍ പറഞ്ഞിട്ടുണ്ട്.

കാസര്‍ഗോഡിനെ ഗോള്‍ഡുമായി തന്നെ നമുക്ക് താരതമ്യം ചെയ്യാം. നല്ല മനുഷ്യരുള്ള കിടിലന്‍ ഫാഷനുകള്‍ ഇറങ്ങുന്ന നാട്. ഇപ്പോള്‍ ദുബായില്‍ ഒരു പുതിയ കാറ് വെള്ളിയാഴ്ച ഇറങ്ങിയാല്‍ അത് ശനിയാഴ്ച കാസര്‍ഗോഡിറങ്ങും. മിലാനില്‍ ഒരു ഫാഷന്‍ ഇറങ്ങിയാല്‍ രണ്ട് ദിവസത്തിനകം കാസര്‍ഗോഡ് വരും. ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളിയെ കാണുമെന്ന് പറയില്ലേ. ആ മലയാളിയുടെ അടുത്ത് പോയി എവിടെയാണെന്ന് ചോദിച്ചാല്‍ കാസര്‍ഗോഡാണെന്നായിരിക്കും മറുപടി.

എന്ത് ജോലി ചെയ്യാനും അവര്‍ തയ്യാറാണ്. ഏത് ടൈപ്പ് ബിസിനസും. നല്ല രീതിയിലാണ് ഞാന്‍ പറയുന്നത്. ചിലപ്പോള്‍ ഹോട്ടലായിരിക്കും ചിലപ്പോള്‍ കോസ്റ്റിയൂം ആയിരിക്കും. അല്ലെങ്കില്‍ ഫൂട്ട്പാത്തിലെ സെല്ലേര്‍സ് ആയിരിക്കും. അവര്‍ എക്‌സ്ട്രീമിലി വെല്‍ക്കമിങ് ആണ്.

സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ ഒരുപാട് കമന്റുകള്‍ വന്നു. അതിലൊന്ന് കാസര്‍ഗോഡ് ഭാഷ മനസിലാകുന്നില്ല എന്നായിരുന്നു. അതേസമയത്ത് ഗരുഡഗമനയൊക്കെ കണ്ട് നമ്മള്‍ കയ്യടിക്കുന്നുണ്ട്. അത് ഫുള്‍ കന്നഡയാണ്. എന്നാല്‍ നമ്മുടെ സിനിമകളില്‍ കുറച്ച് കാസര്‍ഗോഡ് ഭാഷ വരുമ്പോഴേക്ക് ചിലര്‍ വിമര്‍ശിക്കുന്നു.

സിനിമയില്‍ കാസര്‍ഗോഡ് ഭാഷ ഉണ്ട്. അതേസമയം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ബേസിക് മലയാളം കമ്യൂണിറ്റിയെ നമ്മള്‍ അഡ്രസ് ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും മനസിലാകുന്ന രീതിയിലുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ഒരു കള്‍ട്ട് ജില്ലയാണ്. ഞങ്ങളുടെ ആദ്യ പടമായ ബി ടെക് 111 ദിവസം തുടര്‍ച്ചയായി കാസര്‍ഗോഡ് പ്രദര്‍ശിപ്പിച്ചിരുന്നു. എനിക്ക് അത്രയും ഇമോഷണല്‍ കണക്ഷനുള്ള ജില്ലയാണ് കാസര്‍ഗോഡ്,’ മൃദുല്‍ നായര്‍ പറഞ്ഞു.

രഞ്ജിത്തിന്റെ കാസര്‍ഗോഡ് മയക്കുമരുന്ന് പ്രസ്താവനക്കെതിരെ സിനിമാരംഗത്തിനകത്തും പുറത്തുമായി വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വളരെ അപകടമുണ്ടാക്കുന്ന പ്രസ്താവനയില്‍ രഞ്ജിത്ത് വ്യക്തത വരുത്തണമെന്നും തിരുത്തലിന് തയ്യാറാകണമെന്നും സംവിധായകരായ സെന്ന ഹെഗ്‌ഡെയും, രതീഷ് പൊതുവാളും രാജേഷ് മാധവനും സുധീഷ് ഗോപിനാഥും അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത് രംഗത്തുവരികയായിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും അത് തിരുത്തുന്നത് തന്റെ കടമയാണെന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Content Highlight: Kasargold Movie Director Mridul Nair Reply on Producer Renjith Remark of Drugs In Kasargod