| Thursday, 30th March 2017, 9:38 am

മദ്രസാധ്യാപകന്റേത് മദ്യലഹരിയില്‍ നടത്തിയ കൊലപാതകമെന്നത് പ്രതികളുടെ ഭാഷ്യം: ആസൂത്രിത കൊലതന്നെയെന്ന് അന്വേഷണ സംഘത്തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കാസര്‍കോട് മദ്രസാധ്യാപകന്‍ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് ആസൂത്രിത പദ്ധതിയിലൂടെയാണെന്ന് അന്വേഷണ സംഘത്തലവന്‍ ഡോ. എ. ശ്രീനിവാസ്. സാക്ഷികളെയും തെളിവുകളും കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇക്കാര്യം തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

“”മദ്യപിച്ചിരുന്നുവെന്ന് പറയുന്നത് പ്രതികളാണ്. അവരുടെ രക്ഷക്കുവേണ്ടി പ്രതികള്‍ അങ്ങനെ പറയുന്നുവെന്ന് മാത്രമേ കാണേണ്ടതുള്ളൂ. എന്നാല്‍, അന്വേഷണ സംഘത്തിന്റെ നിഗമനം അങ്ങനെയല്ല. റിയാസ് മൗലവിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ ആസൂത്രിത പദ്ധതിയുണ്ടാക്കിയെന്നാണ് ഞങ്ങളുടെ നിഗമനം.” അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

കൊലപാതകത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി എം.പിക്കു പങ്കുണ്ടെന്ന തരത്തിലുള്ള ആക്ഷേപങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് അന്വേഷണ പരിധിയിലേക്ക് കടന്നുവന്നിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: രാജി വെച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് ‘മംഗളം ടെലിവിഷന്‍’ അധികൃതര്‍


റിയാസ് മൗലവി കൊല്ലപ്പെടുന്നതിനും രണ്ടുദിവസം മുമ്പ് ബി.ജെ.പി കൊലപാതകത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സംസാരിച്ചെന്നായിരുന്നു ആക്ഷേപം. അഡ്വ. സുഹാസ് സ്മാരക കബഡി ടൂര്‍ണമെന്റില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് സുഹാസിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യണമെന്നാണ് ആഹ്വാനം ചെയ്തത്.

മദ്രസാ അധ്യാപകന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളില്‍ കേളുഗുഡെയിലെ അജേഷും നിധിന്‍ റാവുവും ഈയോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇവര്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊലപ്പെടുത്താന്‍ അവിടെ വെച്ചുതന്നെ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെയാണ് റിയാസ് മുസലിയാരെ പള്ളിയോട് ചേര്‍ന്ന മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more