| Wednesday, 29th April 2020, 10:23 pm

കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം; കാസര്‍കോട് ജില്ലാ കളക്ടര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കളക്ടര്‍ നിരീക്ഷണത്തില്‍. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത്ത് ബബുവിനെയാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്.

കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന സ്വകാര്യ മാധ്യമ പ്രവര്‍ത്തകന്‍ ഏപ്രില്‍ 19ന് ജില്ലാ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടറോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്.

മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതിനിടയിലാണ് കളക്ടറും സമ്പര്‍ക്കത്തില്‍ വന്നുവെന്ന് മനസിലാകുന്നത്. ഇതോടെ ജില്ലാ കളക്ടറും അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍, എന്നിവരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരോട് ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ ആവര്‍ത്തിച്ച് പറയുന്നതാണെന്നും വാര്‍ത്താ ശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ അപകടരഹിതമായി നിര്‍വഹിക്കാന്‍ അവര്‍ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി.കൊല്ലം-6, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതം. ഇതോടെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ചികിത്സയില്‍ കഴിയുന്നവര്‍,ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരുമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more