ഉറൂസും ഉത്സവവും ഒന്നു ചേരുന്ന പെരുമ്പട്ട ഗ്രാമം
Communal harmony
ഉറൂസും ഉത്സവവും ഒന്നു ചേരുന്ന പെരുമ്പട്ട ഗ്രാമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 7:29 pm

കാസര്‍കോട്ടെ പെരുമ്പട്ടയെന്ന ദേശത്തെ ജനങ്ങളുെട കഴിഞ്ഞ കുറച്ച് ദിനങ്ങള്‍ കൈകോര്‍ക്കലിന്റെതായിരുന്നു, സാഹോദര്യത്തിന്റേതായിരുന്നു. ഒപ്പം വിശ്വാസധാരകള്‍ പഠിപ്പിച്ച മൂല്യങ്ങളെ പങ്കു വെക്കലിന്റേതും. ഫെബ്രുവരി 12 നാണ് പെരുമ്പട്ട വലിയുല്ലാഹി നഗറില്‍ മഖാം ഉറൂസ് തുടങ്ങിയത്. പെരുമ്പട്ട താഴത്തിടം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്ര കളിയാട്ടം ഫെബ്രവരി 14 നാണ് തുടങ്ങിയത്. ഈ രണ്ട് ആരാധനാലയങ്ങളിലെയും ആഘോഷങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഇഴപിരിയാത്ത ഒരു ബന്ധം ഉണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പെരുമ്പട്ട ക്ഷേത്ര കളിയാട്ടത്തിന്റെ അവസാന ദിവസം ക്ഷേത്രത്തില്‍ നിന്ന് വിഷ്ണു മൂര്‍ത്തി തെയ്യം പുറപ്പെടും, പള്ളി സന്ദര്‍ശനത്തിനായി. വിഷ്ണു മൂര്‍ത്തിയുടെ നര സിംഹാവതാരമാണ് മസ്ജിദ് സന്ദര്‍ശനം നടത്തുന്നത്. ഹിരണ്യവധത്തിനു ശേഷമാണ് മസ്ജിദ് സനദര്‍ശനം നടത്തുക. മസ്ജിദ് ഭാരവാഹികള്‍ അരിയിട്ടാണ് തെയ്യത്തെ സ്വീകരിക്കുക. ബാങ്കും നിസ്‌കാരവും മുടക്കില്ലെന്ന് ഉറപ്പു വാങ്ങിയാണ് തെയ്യം മടങ്ങുക.
വര്‍ഷങ്ങളായി തുടരുന്ന തെയ്യത്തിന്റെ മസ്ജിദ് സന്ദര്‍ശനം കാണാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

പള്ളിപരിസരത്തിന് ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് തെയ്യം യാത്രയാവും…

‘ഈ അമ്പലത്തിനും പള്ളിക്കും 500 വര്‍ഷത്തിലേറെ പഴക്കുമുണ്ടെന്നാണ് കരുതപ്പെടുന്നത്. പെരുമ്പട്ട ക്ഷേത്രത്തിലെ മൂര്‍ത്തിയും പള്ളിയും തമ്മില്‍ വലിയ ഒരു ബന്ധം ഉണ്ടെന്നാണ് ഐതിഹ്യം. പണ്ടു കാലത്ത് ഇവിടെ ഒരു വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ വലിയൊരു മരം കടപുഴകി വീണ് പള്ളി തകരും എന്ന സ്ഥിതിയായപ്പോള്‍ ക്ഷേത്രത്തിലെ ഭഗവതി പ്രത്യക്ഷപ്പെട്ട് അതിനെ തടുത്തു എന്ന ഒരു വിശ്വാസം ഉണ്ട്. ഈ ബന്ധത്തിന്റെ സൂചകമായി പണ്ടു കാലത്ത് രാത്രിയില്‍ അമ്പലത്തില്‍ പച്ചതിരിയും ചുവപ്പ് തിരിയും കത്തിക്കൊണ്ടിരുന്നു എന്നൊരു ഐതിഹ്യവുമുണ്ട്. ആ കാലത്ത് ഹിന്ദുമതവിശ്വാസികളും മുസ്‌ലിം മതവിശ്വാസികളും തമ്മില്‍ ഒന്നിച്ചാണ് നായാട്ടിന് പോയിരുന്നത്. മാനിനെയും പന്നിയെയും കിട്ടുമ്പോള്‍ പന്നിയിറച്ചി മുസ്‌ലീം വിശ്വാസത്തിന് എതിരായതിനാല്‍ മാനിറച്ചി ഹിന്ദു വിശ്വാസികള്‍ മുസ്‌ലീങ്ങള്‍ക്ക് കൊടുക്കും. ഈ മാനിറച്ചി ഉണക്കി സൂക്ഷിക്കുകയും ഉറൂസ് കാലത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പരമായി വ്യത്യാസം ഉണ്ടെങ്കിലും പൊതുവില്‍ എല്ലാവരും നല്ല ഐക്യത്തിലാണ് ഇവിടെ കഴിയുന്നത്. ഇവിടെ അവരുടെ മതം ഇവരുടെ മതം എന്നിങ്ങനെയുള്ള വേര്‍തിരിവില്ല. എല്ലാവരും ഒത്തൊരുമയോടെ കഴിയുന്നു. പെട്ടന്ന് ഉണ്ടായി വന്നതല്ല ഈ ആചാരമൊന്നും. പഴയ കാലത്തേ ഞങ്ങളെല്ലാം ശീലിച്ചു വന്നതാണ്,’ ഉറൂസ് കമ്മിറ്റി അംഗമായ അബ്ദുള്ള എം.സി പെരുമ്പട്ട ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പാടാര്‍കുളങ്ങര ക്ഷേത്രത്തില്‍ ഇത്തരമൊരു ആചാരം നടക്കുന്നതിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ സമയത്ത് ക്ഷേത്രത്തില്‍ പ്രശ്നം വെപ്പ് നടന്നു. സന്ധ്യ പൂജയ്ക്ക് ഉയരുന്ന ശംഖൊലിക്കൊപ്പം ബാങ്ക് വിളിയും കേട്ടാലേ ഭഗവതി പ്രസാദിക്കൂ എന്നാണ് പ്രശ്നത്തില്‍ തെളിഞ്ഞതെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു.

അങ്ങിനെയാണ് 50 മീറ്ററിനുള്ളില്‍ പള്ളിയും അമ്പലവും വരുന്നത് എന്നാണ് വിശ്വാസം. പക്ഷെ വര്‍ഷങ്ങള്‍ കടന്നു പോയതോടെ ക്ഷേത്രത്തിന്റെ പ്രതാപം മങ്ങി. പിന്നീട് 2011 ലാണ് ക്ഷേത്രം പുതുക്കി പണിയുന്നത്. ഉറൂസിന്റെയും ഉത്സവത്തിന്റെയും പരസ്യം ഒരുമിച്ച് കൊടുത്തു കൊണ്ടായിരുന്നു കളിയാട്ടം തുടങ്ങിയത്. അന്നു മുതല്‍ ക്ഷേത്രത്തിലെ ആഘോഷകമ്മിറ്റിയുടെ നേതൃ സ്ഥാനത്ത് മുസ്ലിം സമുദായക്കാരുമുണ്ട് . ക്ഷേത്രത്തിലും പള്ളിയിലും നടക്കുന്ന ചടങ്ങുകളില്‍ ഇരു വിഭാഗവും ഉള്‍പ്പെടുന്നു. ക്ഷേത്രത്തിലെ അന്ന ദാനത്തിനുള്ള അരി പള്ളിയില്‍ നിന്നാണ് എത്തിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനൊപ്പം ഇവിടെ നടക്കുന്ന മറ്റൊരു ആചാരമാണ് ഏര്‍പ്പ്. പഴയകാലത്തെ ഓര്‍മകളുമായി നടത്തുന്ന ഏര്‍പ്പ് മത സൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കുന്നു.പുലര്‍ച്ചെയുള്ള ബാങ്ക് വിളി സമയത്ത് പള്ളിയില്‍ ഏര്‍പ്പിനെത്തുന്ന ക്ഷേത്ര വാല്യക്കാര്‍ ആര്‍പ്പു വിളിക്കുന്നു.

‘2011 ലാണ് ക്ഷേത്രം പുതുക്കി പണിയുന്നത്. അന്നു മുതല്‍ മുടങ്ങാതെ ഈ ആചാരം നടത്തി വരുന്നു. എല്ലാ മതസ്ഥരും ഇതില്‍ ഒരുമിച്ച് പങ്കെടുക്കും. ക്ഷേത്ര കമ്മിറ്റിയില്‍ മുസ്‌ലീം അംഗങ്ങളും ഉണ്ട്,’ ക്ഷേത്ര കമ്മറ്റി അംഗമായ ലക്ഷ്മണന്‍ എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഉത്സവത്തിനും ഉറൂസിനും രണ്ട് കമ്മിറ്റി ആണെങ്കിലും പരിപാടികളുടെ നോട്ടീസ് ഒന്നാണ്. ഒരു നോട്ടീസിന്റെ രണ്ടു വശങ്ങളിലായി പെരുമ്പട്ട മഖാം ഉറൂസിന്റെയും പാടാര്‍ കുളങ്ങറ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെയും ആഘോഷ പരിപാടികള്‍ എഴുതിയിരിക്കുന്നു. ഫെബ്രുവരി 12 ന് തുടങ്ങുന്ന പെരുമ്പട്ട മഖാം ഉറൂസ് ഫെബ്രവരി 16 വരെ നീണ്ടു നില്‍ക്കും. ഫെബ്രുവരി 14ന് തുടങ്ങുന്ന കളിയാട്ട മഹോത്സവം 17 വരെയും.

പെരുമ്പട്ട പാടാര്‍കുളങ്ങര ക്ഷേത്രത്തിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇത്ര തന്നെ പഴക്കം പെരുമ്പട്ട മുനീറുല്‍ ഇസ്‌ലാം ജുമാ മസ്ജിദിനും ഉണ്ട്. തേജ്വസിനി പുഴയുടെ ഒരേ തീരത്ത് തന്നെയാണ് ഈ രണ്ടു ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്.