| Saturday, 18th May 2019, 5:56 pm

റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും; നടപടികള്‍ പൂര്‍ത്തിയായെന്ന് ടിക്കാറം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും.നാളെ റീപോളിംങ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്ന് കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും കളക്ടര്‍ വീണ്ടും വ്യക്തമാക്കി.

കാസര്‍ഗോഡ് റീപോളിങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഔദ്യോഗിക ക്യാമറകള്‍ ബൂത്തില്‍ സ്ഥാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

പോസ്റ്റല്‍ വോട്ടിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയാണെന്നും അന്തിമ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്നും ടിക്കാറം മീണ അറിയിച്ചു.വിവി പാറ്റുകള്‍ എണ്ണിയ ശേഷമെ അന്തിമ ഫലം പ്രഖ്യാപിക്കുവെന്നും ടിക്കാറം മീണ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ വേണ്ട മുന്നൊരുക്കമില്ലാതെയാണ് റീ പോളിംഗ് നടക്കുന്നതെന്നും ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപടിയെന്നുമാണ് കോടിയേരി ആരോപിച്ചത്.

വേണ്ടത്ര ഗൗരവത്തോടെയല്ല കമ്മീഷന്‍ തീരുമാനമെന്നും ദൂരദേശങ്ങളില്‍ നിന്നുള്ളവരുടെ വോട്ടിംഗ് അവകാശം ഇല്ലാതാക്കുകയാണ് കമ്മീഷനെന്നും കോടിയേരി ആരോപിച്ചിരുന്നു.സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യു.പി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി.പി.ഐ.എമ്മുകാരുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more