കാസര്‍കോഡ്: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പള്ളിക്കമ്മറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ അധ്യാപകരായും മറ്റു ജീവനക്കാരായും നിയോഗിക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന നോട്ടീസ് പൊലീസ് പിന്‍വലിച്ചു.
നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്നാണ് പൊലിസ് പറഞ്ഞത്. പൂര്‍വകാല ക്രിമിനല്‍ സാമൂഹിക പശ്ചാത്തലം പശിശോധിച്ചു മാത്രമേ മദ്രസകളില്‍ അധ്യാപകരടക്കമുള്ളവരെ നിയമിക്കുവാന്‍ പാടുള്ളൂവെന്നും സ്ഥാപനത്തില്‍ അത്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു വിവാദമായ നോട്ടീസില്‍ പറഞ്ഞത്.
ഇത്തരത്തിലല്ലാതെ ഏതെങ്കിലും പള്ളിക്കമ്മിറ്റികള്‍ നിയമനം നടത്തിയാല്‍ ആ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ചീമേനി, ബേക്കല്‍ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നും ജില്ലയില്‍ പോക്സോ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നടപടിയെന്നുമായിരുന്നു ചീമേനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
‘ നല്ല ഉദ്ദേശത്തോടെയാണ് പള്ളിക്കമ്മറ്റികള്‍ക്ക് ഇത്തരമൊരു നോട്ടീസ് നല്‍കിയത്. തൊട്ടപ്പുറത്തെ സ്റ്റേഷനായ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രാസാ അധ്യാപകന്‍ പോക്സോ കേസിലെ പ്രതിയായി. ഇത്തരത്തില്‍ ഒരുപാട് കേസുകള്‍ കാസര്‍ഗോഡ് നിന്ന് റിപ്പോര്‍ട്ട്‌ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ആളുകളെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹിക ക്രമിനല്‍ പശ്ചാത്തലം കൂടി അന്വേഷിക്കണമെന്ന നിര്‍ദേശം നല്‍കുന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരമാണ് നോട്ടീസ് നല്‍കിയത്.
മദ്രസകളില്‍ ഇത്തരത്തില്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഒരു നിര്‍ദേശമെന്ന നിലയില്‍ ഇത്തരമൊരു നോട്ടീസ് പള്ളി കമ്മിറ്റികള്‍ക്ക് നല്‍കണമെന്നുമായിരുന്നു നിര്‍ദേശം’, അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക