| Wednesday, 12th June 2019, 12:35 pm

റവന്യുമന്ത്രിയുടെ നാട്ടില്‍ മനുഷ്യര്‍ക്ക് പുല്ലു വില; മുണ്ടത്തട മലയെ ക്വാറിമാഫിയ തകര്‍ക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം

അലി ഹൈദര്‍
" layout="responsive" width="480" height="270">

മുണ്ടത്തടം മല, പശ്ചിമഘട്ട വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡന്‍ കുന്നുകളോട് അതിരിടുന്ന താഴ്‌വാരങ്ങളിലൊന്നാണ്. മലയുറവകളൊഴുകുന്ന വഴികളില്‍ കൂരകള്‍ വെച്ച് കാച്ചിലും ചേമ്പും നട്ട് കൃഷിയും കൂലിപ്പണിയുമൊക്കെയായി ദളിത്-ആദിവാസി കുടുബങ്ങള്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന കാര്‍ഷിക പിന്നാക്ക മേഖല. കൊടിയ വേനലിലും വറ്റാത്ത കിണറുകളും ചോലകളുമെല്ലാം ഭൂതകാല സമൃദ്ധിയുടെ ഓര്‍മകളായിരുന്നെങ്കില്‍ വരള്‍ച്ചയുടെ സമകാലീന സംഘര്‍ഷങ്ങളാണ് പരപ്പ-മുണ്ടത്തടം പ്രദേശവാസികള്‍ക്ക് ഇന്നത്തെ ജീവിതം.

കുറച്ചു വര്‍ഷങ്ങളായി അവര്‍ നോക്കിനില്‍ക്കെത്തന്നെ മുണ്ടത്തടം മല ഇല്ലതാവുകയാണ്. തങ്ങള്‍ക്കു ലഭിച്ചിരുന്ന ശുദ്ധജലവും കുളിര്‍മയാര്‍ന്ന കാറ്റും തൊട്ടടുത്ത വനത്തില്‍ നിന്നുള്ള സംരക്ഷണവും മലയ്‌ക്കൊപ്പം മെല്ലെ ഇല്ലാതാകുന്നു. ഏറെ വൈകിയാണെങ്കിലും തങ്ങളുടെ ദുരിതത്തിന് വഴിവെച്ച ഖനന മാഫിയയ്‌ക്കെതിരെ ഇപ്പോള്‍ പ്രദേശവാസികള്‍ സമരം ചെയ്യുകയാണ്.

‘ഇവിടെക്കഴിയുന്ന ഓരോ കുടുംബവും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. പേടിച്ചു പേടിച്ചു കൊണ്ടാണ് ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത്. ഞങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ല. അവരും സമരപ്പന്തലിലാണ്. ഇവിടെ നിന്നും പുറത്തു പോകുന്ന റോഡുകള്‍ ക്വാറി ഉടമകള്‍ വലിയ കുഴിയുണ്ടാക്കി കേടുവരുത്തിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് പോകാന്‍ പറ്റുന്നില്ല. ഞങ്ങള്‍ക്ക് പുറംലോകവുമായി ബന്ധമില്ലാതായിട്ടുണ്ട്. കുടിക്കാന്‍ തുള്ളി വെള്ളമില്ല’ സമരസമിതിയുടെ നേതൃസ്ഥാനത്തുള്ള ബ്ലോക്ക് പഞ്ചായത്തംഗം രാധാ വിജയന്‍ ഡൂള്‍ന്യൂസിനോട് പറയുന്നു.

എട്ടുവര്‍ഷം മുന്‍പാണ് ഇവിടെ ചെറിയതോതിലുള്ള ക്വാറി പ്രവര്‍ത്തനമാരംഭിച്ചത്. എതിര്‍പ്പുമായി ചെന്ന നാട്ടുകാരെ അന്ന് വലിയതോതിലുള്ള ഖനനമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി ക്വാറി ഉടമ പിന്തിരിപ്പിച്ചു. പിന്നീട് ക്വാറിയോടു ചേര്‍ന്നുള്ള സമീപവാസികളുടെ ഭൂമി ക്വാറി ഉടമ വിലക്കെടുത്തു. ഭൂമി വിറ്റ ചിലര്‍ നാടുവിട്ടുപോയി. വേറെങ്ങും പോകാന്‍ കഴിയാത്തവരാകട്ടെ മലമുകളിലെ വീടുകളില്‍ വഴിപോലുമില്ലാതെ ദുരിതത്തില്‍ കഴിയുന്നു. സ്ഥലം ലഭ്യമായതോടെ ക്വാറിക്കൊപ്പം ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു.

ഗോത്രവിഭാഗത്തില്‍പ്പെട്ടവരടക്കമുള്ള നൂറോളം കുടുംബങ്ങളുടെയും മണ്ണിന്റെയും നിലനില്‍പ്പിനു തന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് അധികാരികളുടെ ഒത്താശയോടെ ഈ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചു വരുന്നത്. നിയമപരമായ അനുമതിയോടെയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ക്വാറി ഉടമകള്‍ ഒരു നാടിനെയും മനുഷ്യരുടെ ജീവനെയും വെല്ലുവിളിക്കുകയാണിവിടെ.

‘ക്വാറി മാഫിയ്‌ക്കെതിരെ സമരം നയിച്ച 12-ഓളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് സമരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഏത് നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നാണ് രാധാ വിജയന്‍ പറയുന്നത്.

കാടിനോടും, മാവിലര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിച്ചുപോരുന്ന കോളനികളോടും തൊട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്വാറി നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത തരം ദുരിതങ്ങളാണ് ഇവര്‍ക്കു സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

ക്വാറിയുടെ മുകള്‍ഭാഗത്തായി താമസിക്കുന്നവര്‍ക്ക് സ്വന്തമായി വഴിയില്ല. മഴക്കാലമാകുന്നതോടെ ദുരിതത്തിന്റെ ആഴം കൂടും. രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ പറ്റില്ല. വനവും ക്വാറിയും തമ്മില്‍ നേരിയ അകലം മാത്രമാണ് ഇവിടെയുള്ളത്.

കഴിഞ്ഞ മഴക്കാലത്തും വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. മഴ ശക്തമായാല്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. തോടിനോടു ചേര്‍ന്നുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഈ ക്വാറി ഭീഷണിയാണ്. മഴക്കാലത്ത് മണ്ണിടിഞ്ഞു വന്നാല്‍ പ്രദേശത്തെ വീടുകള്‍ നാമാവശേഷമാകുമെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകും. വരാനിരിക്കുന്ന മഴക്കാലത്തെ, ഭീതിയോടെയാണു മുണ്ടത്തടം നിവാസികള്‍ വരവേല്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തിമിര്‍ത്ത് പെയ്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടവരുടെ ജീവന്റെ എണ്ണം ചെറുതായിരുന്നില്ല. അത് ഇവിടുത്തുകാരെ ഭയപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ നിരവധി ഹരിത തുരുത്തുകള്‍ നിര്‍മ്മിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് നടത്തിയത്. ഭൂമിശാസ്ത്രപരമായും പാരിസ്ഥിതികമായും സാമൂഹികമായും നിരവധി സവിശേഷതകളോടുകൂടി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പര്‍വ്വത ശൃംഖലകളെ, സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രം തകര്‍ത്ത് തരിപ്പണമാക്കുന്ന ഖനന മാഫിയകള്‍ക്ക് എല്ലാവിധ ഒത്താശകള്‍ ചെയ്യുകയും നിലനില്‍പ്പിന് വേണ്ടി സമരം ചെയ്യുന്ന അടിസ്ഥാന വര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പുകളെ ഭരണകൂട സന്നാഹങ്ങളൈക്കൊണ്ട് അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഈ നയം ഒരു ഇടതുപക്ഷ ഭരണകൂടം തുടരുന്ന രാഷ്ട്രീയ വിവേകത്തിലെ പാപ്പരത്തമാണ് എന്നതിന്റെ തെളിവാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം.

‘ക്വാറിയുടെ ആരംഭകാലം മുതല്‍ക്ക് ഇവിടെ പ്രതിഷേധവും സമരവും ഉണ്ടായിരുന്നു. അന്നൊക്കെ പൊലീസിന്റെ ഒത്താശയോടെ ക്വാറി ഉടമയും ഗുണ്ടകളും സമരക്കാരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും നിശബ്ദരാക്കിയതാണ്. എന്നാല്‍ ഇനി ഞങ്ങള്‍ പിന്നോട്ടില്ല. ഈ സമരം വിജയിക്കും. അത് കൊണ്ട് ഒരു ഭീഷണിക്കും കള്ളക്കേസിനും ഈ സമരത്തെ പിന്തിരിപ്പിക്കാനാവില്ല. ഞങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരും. ഇപ്പോള്‍ രാപ്പകല്‍ സമരമാണ്. 12 ദിവസം പിന്നിട്ടു. വേണ്ടിവന്നാല്‍ സമരത്തിന്റെ രീതി മാറ്റും’-രാധ പറയുന്നു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍