കാസര്‍ഗോഡ്: കാസര്‍ഗോഡ് പഴയ ചൂരി മടിക്കേരിയില്‍ മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസിനെ വെട്ടിക്കൊലപ്പെടുത്തിയകേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, അഖില്‍, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വെള്ളിയാഴ്ച രാവിലെ 9.50 മണിയോടെ എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അജേഷ് ആണ് പള്ളിയോടനുബന്ധിച്ച മുറിയില്‍ അതിക്രമിച്ചുകടന്ന് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റിയാസ് മൗലവിയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസ് പറഞ്ഞു.
അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് എസ്.പി വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ച മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേക പോലീസ് ടീമിന്റെ അന്വേഷണമികവ് മൂലമാണ്.ശാസ്ത്രീയമായ തെളിവുകളുടെയും പഴുതടച്ചുള്ള അന്വേഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്.
മുഹമ്മദ് റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപം പടര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.
പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായവും പൊലീസ് തേടിയിരുന്നു.
Dont Miss മുഖ്യമന്ത്രി കസേരിയിലിരുന്നതിന് പിന്നാലെ യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തത് 100 പോലീസുകാരെ
കൊല നടന്ന് 24 മണിക്കൂര്‍ കഴിയുംമുമ്പ് അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മാനന്തവാടി ജോയിന്റ് എസ്.പി ജി ജയ്‌ദേവ്, മലപ്പുറം ഡി.സി.ആര്‍.ബി ഡി.വൈ.എസ്പി എം.പി മോഹനചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ എന്നിവരടങ്ങുന്നതാണ് സംഘം.
കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പഴയ ചൂരിയിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ മുഹമ്മദ് റിയാസ് കുത്തേറ്റ് മരിച്ചത്.