ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിയാക്കാമെന്ന് നിയമോപദേശം
Kerala
ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിയാക്കാമെന്ന് നിയമോപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2012, 11:00 am

തിരുവനന്തപുരം: കാസര്‍ഗോഡ് ബന്ധുവിന് ഭൂമി ദാനം ചെയ്ത കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പ്രതിയാക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.

വി.എസിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രതിയാക്കുന്നതില്‍ നിയമപ്രശ്‌നമില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിജിലന്‍സിന് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കി. []

വിജിലന്‍സ് ഡപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍  ജി. ശശീന്ദ്രനാണ് വി.എസിനെയും മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനെയും വി.എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ. സുരേഷിനെയും പ്രതിയാക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

നേരത്തെ വി.എസിനെ പ്രതിയാക്കരുതെന്നും അദ്ദേഹത്തിനെതിരേ തെളിവുകളില്ലെന്നും അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ നല്‍കിയ നിയമോപദേശം വിജിലന്‍സ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് വീണ്ടും നിയമോപദേശം തേടിയത്.

ജി. ശശീന്ദ്രന്‍ നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ഇനി കേസിന്റെ കുറ്റപത്രം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ.

ഈ കേസിന്റെ കുറ്റപത്രം തയാറാക്കുന്നത് ഉടന്‍ തന്നെ വേണമെന്ന നിലയിലായിരുന്നു സര്‍ക്കാര്‍. കേസിന്റെ എഫ്.ഐ.ആര്‍ തന്നെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹരജി ഉടന്‍ തന്നെ ഹൈക്കോടതി പരിഗണിക്കും.

ഭൂമി ദാനം ചെയ്ത കേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഭൂമിദാനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി വി.ജി.കുഞ്ഞനെ വിവരാവകാശ കമ്മിഷനംഗം കെ.നടരാജന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് കിട്ടിയതായി എ.ഡി.ജി.പി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിദാനകേസില്‍ വി.എസ്.അച്യുതാനന്ദനെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ കൊടുത്തതിന് പിന്നാലെ മാര്‍ച്ച് 31ന് ശേഷമാണ് നടരാജന്‍ ഡി.വൈ.എസ്.പിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്.

എഫ്.ഐ.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വി.എസ്സിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടരാജന്‍ വിളിച്ചപ്പോഴാണ് ഡിവൈ.എസ്.പി. കുഞ്ഞന്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്.

വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ഡി.വൈ.എസ്.പി. കുഞ്ഞനോട് കെ. നടരാജന്‍ ആവശ്യപ്പെട്ടു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നമ്മള്‍ തമ്മിലുള്ള പേഴ്‌സണല്‍ ബന്ധംകൊണ്ട് പറഞ്ഞുവെന്നേയുള്ളൂവെന്നും നടരാജന്‍ പറഞ്ഞിരുന്നു.

ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ രക്ഷിക്കാന്‍ നടരാജന്‍ ഇടപെട്ടതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ തുടര്‍ന്നാണ് നടരാജനെ സസ്‌പെന്‍ഡ് ചെയ്തതായി ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.