വി.എസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി
Kerala
വി.എസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2012, 10:27 am

എറണാകുളം: കാസര്‍ഗോഡ് ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായി സമര്‍പ്പിച്ച എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. വി.എസിനെ പ്രതിസ്ഥാനത്ത് നിന്നും ഹൈക്കോടതി ഒഴിവാക്കിയിട്ടുണ്ട്. വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.[]

കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന വി.എസിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

വി.എസിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കേസില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നതായും കോടതി പരാമര്‍ശം നടത്തി.

കേസില്‍ വിഎസ് ഇടപെട്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കേസുമായി ബന്ധപ്പെട്ട ചില വസ്തുത അസ്വസ്തത ഉളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

തനിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരേ തെളിവില്ല എന്നും അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വി.എസ് കോടതിയെ സമീപിച്ചത്.

കുരിശ് തയ്യാറാക്കി ആളെകണ്ടെത്തി ആണിയും കൊണ്ട് നടക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.അഴിമതി രഹിതനായ വ്യക്തിയെ ക്രൂശിക്കാനാവില്ല. വി.എസിന്റെ അഴിമതിരഹിത വ്യക്തിത്വത്തെ താങ്ങാനുളള ശേഷി ഈ കുരിശിനില്ല

പൊതുപ്രവര്‍ത്തകനെതിരേ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച ആരോപണം ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവ് വേണം. അതിനാല്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.

കേസ് ദുരുദ്ദേശപരമാണെന്ന വി.എസിന്റെ വാദം ശരിയാണ്. കുരിശ് തയ്യാറാക്കി ആളെകണ്ടെത്തി ആണിയും കൊണ്ട് നടക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
അഴിമതി രഹിതനായ വ്യക്തിയെ ക്രൂശിക്കാനാവില്ല. വി.എസിന്റെ അഴിമതിരഹിത വ്യക്തിത്വത്തെ താങ്ങാനുളള ശേഷി ഈ കുരിശിനില്ലെന്നും കോടതി പറഞ്ഞു.

പ്രതിച്ഛായ തകര്‍ക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്ന വി.എസിന്റെ വാദവും ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭൂമിദാന കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കികൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു വിധി പുറത്തുവന്നിരിക്കുന്നത്.

കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചിരുന്നു.

കേസ് ഏത് ഘട്ടത്തില്‍ എത്തിയെന്ന് അറിയിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ഇന്നലെ ആവശ്യപ്പെട്ടിട്ടിരുന്നു. ഈ മാസം 12 ന് ഇതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്കെതിരെയുള്ള ഭൂമിദാനക്കേസ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

ഭൂമിദാനക്കേസില്‍ അച്യുതാനന്ദനേയും മന്ത്രി കെ.പി രാജേന്ദ്രനേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. ഭൂമിദാനക്കേസില്‍ മൂന്നാമത്തെ നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്.

ആദ്യത്തേത് വി.എസിനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നുവെങ്കില്‍ അടുത്തത് ഗവര്‍ണറുടെ അനുമതിയില്ലാതെ തന്നെ പ്രോസിക്യൂട്ട് ചെയ്യാം എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം ആവശ്യപ്പെട്ടത്.

കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ക്കാം എന്ന് വിജിലന്‍സ് നിയമോപദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

മുഖ്യമന്ത്രിയായിരിക്കെ വി.എസ് ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറി സാജന്‍ പീറ്ററാണ് പ്രോസിക്യുഷന്‍ അനുമതി നല്‍കിയത്.

ക്രമക്കേട് വ്യക്തമായെന്നും അതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. ഇതുസംബന്ധിച്ച് ഫയല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ എല്ലാ പഴുതുകളും അടച്ച ശേഷമേ നടപടിയുമായി മുന്നോട്ട് പോകാവൂ എന്നും ഇതുമായി ബന്ധപ്പെട്ട് പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇടയാകരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നടപടിയെത്തുടര്‍ന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശം തേടിയത്. തുടര്‍ന്നാണ് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയത്.

2010ല്‍ വി.എസ്സിന്റെ ആലപ്പുഴക്കാരനായ ബന്ധുവും  വിമുക്തഭടനുമായ ടി.കെ. സോമന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കിയെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയാണ് വിമുക്തഭടനായ ടി.കെ. സോമന് ഭൂമി അനുവദിച്ച് തീരുമാനമെടുത്തത്.

1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് ടി.കെ. സോമന് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്‍പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

നീതിയുടേയും സത്യത്തിന്റേയും വിജയമാണ് കോടതി വിധി: അച്യുതാനന്ദന്‍

ഭൂമിദാനക്കേസില്‍ സര്‍ക്കാരിന് പിന്തുടരാവുന്ന വഴികള്‍: അഡ്വ എ.ജയശങ്കര്‍

2012 ജനുവരി 19ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വര്‍ത്ത കാണുക

ഭൂമി ദാനക്കേസ്: സോമന് ഭൂമി അനുവദിച്ചിട്ടില്ലെന്ന വിജിലന്‍സ് വാദം പൊളിഞ്ഞു