കൊച്ചി: കാസര്‍ഗോഡ് ബന്ധുവിന് ഭൂമി നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഒന്നാം പ്രതി. കേസില്‍ വി.എസും മുന്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനുമടക്കം ആകെ അഞ്ച് പ്രതികളാണ്.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക പത്രികയില്‍ ആണ് പ്രതികളെ സംബന്ധിച്ച വിവരമുള്ളത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. []
ഭൂമി ദാനം ചെയ്ത കേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഭൂമിദാനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി വി.ജി.കുഞ്ഞനെ വിവരാവകാശ കമ്മിഷനംഗം കെ.നടരാജന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് കിട്ടിയതായി എ.ഡി.ജി.പി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമിദാനകേസില്‍ വി.എസ്.അച്യുതാനന്ദനെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ കൊടുത്തതിന് പിന്നാലെ മാര്‍ച്ച് 31ന് ശേഷമാണ് നടരാജന്‍ ഡി.വൈ.എസ്.പിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്.
എഫ്.ഐ.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വി.എസ്സിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടരാജന്‍ വിളിച്ചപ്പോഴാണ് ഡിവൈ.എസ്.പി. കുഞ്ഞന്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്.
വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ഡി.വൈ.എസ്.പി. കുഞ്ഞനോട് കെ. നടരാജന്‍ ആവശ്യപ്പെട്ടു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നമ്മള്‍ തമ്മിലുള്ള പേഴ്‌സണല്‍ ബന്ധംകൊണ്ട് പറഞ്ഞുവെന്നേയുള്ളൂവെന്നും നടരാജന്‍ പറഞ്ഞിരുന്നു.
അതേസമയം സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതു ചോദ്യം ചെയ്ത് വിവരാവകാശ കമ്മിഷണര്‍ കെ.നടരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഗവര്‍ണറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.ഹര്‍ജി നാളെ പരിഗണിക്കും.
ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ രക്ഷിക്കാന്‍ നടരാജന്‍ ഇടപെട്ടതായ തെളിവുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടരാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടത്.