| Tuesday, 4th December 2012, 12:55 pm

ഭൂമിദാനക്കേസ്: വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി.

വകുപ്പുസെക്രട്ടറി സാജന്‍ പീറ്റര്‍ ഇത് സംബന്ധിച്ച ഫയല്‍ ഒപ്പുവെച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറി. അതേസമയം ഭൂമിദാനക്കേസില്‍ വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. []

കേസില്‍ വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ജി. ശശീന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു.

വി.എസിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രതിയാക്കുന്നതില്‍ നിയമപ്രശ്‌നമില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിജിലന്‍സിന് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കി.

ഇതനുസരിച്ചാണ് ആഭ്യന്തര സെക്രട്ടറി ഫയലില്‍ ഒപ്പുവെച്ചത്. എന്നാല്‍ വി.എസിനെപ്പോലൊരു നേതാവിനെതിരേ നടപടി സ്വീകരിക്കുമ്പോള്‍ സകല പഴുതുകളും അടയ്ക്കണമെന്നും സര്‍ക്കാരിന് ഇതിന്റെ പേരില്‍ പിന്നീട് വിമര്‍ശനമേല്‍ക്കാന്‍ ഇടയാകരുതെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതനുസരിച്ചാണ് ആഭ്യന്തരമന്ത്രി വീണ്ടും നിയമോപദേശം തേടുന്നത്.

നേരത്തെ വി.എസിനെ പ്രതിയാക്കരുതെന്നും അദ്ദേഹത്തിനെതിരേ തെളിവുകളില്ലെന്നും അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ നല്‍കിയ നിയമോപദേശം വിജിലന്‍സ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് വീണ്ടും നിയമോപദേശം തേടിയത്.

ഈ കേസിന്റെ കുറ്റപത്രം തയാറാക്കുന്നത് ഉടന്‍ തന്നെ വേണമെന്ന നിലയിലായിരുന്നു സര്‍ക്കാര്‍. കേസിന്റെ എഫ്.ഐ.ആര്‍ തന്നെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹരജി ഉടന്‍ തന്നെ ഹൈക്കോടതി പരിഗണിക്കും.

ഭൂമി ദാനം ചെയ്ത കേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എഫ്.ഐ.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വി.എസ്സിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടരാജന്‍ വിളിച്ചപ്പോഴാണ് ഡിവൈ.എസ്.പി. കുഞ്ഞന്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്.

വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ഡി.വൈ.എസ്.പി. കുഞ്ഞനോട് കെ. നടരാജന്‍ ആവശ്യപ്പെട്ടു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നമ്മള്‍ തമ്മിലുള്ള പേഴ്‌സണല്‍ ബന്ധംകൊണ്ട് പറഞ്ഞുവെന്നേയുള്ളൂവെന്നും നടരാജന്‍ പറഞ്ഞിരുന്നു.

ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ രക്ഷിക്കാന്‍ നടരാജന്‍ ഇടപെട്ടതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് നടരാജനെ സസ്‌പെന്‍ഡ് ചെയ്തതായി ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more