| Monday, 10th October 2022, 8:47 am

കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന 'ബബിയ' മുതല മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ അന്തേവാസിയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരിച്ചത്.

75 വയസിലേറെ പ്രായമുള്ള ബബിയ പൂര്‍ണമായും സസ്യാഹാരിയായിരുന്നു എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല.

സസ്യാഹാരിയായ ബബിയക്ക് ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്ക് ശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷണം. മുതലയ്ക്കുള്ള നിവേദ്യം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും.

ഇടയ്ക്കിടെ തടാകത്തിലെ തന്റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ ‘ദര്‍ശനം’ നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചരണം ലഭിച്ചിരുന്നു.

ക്ഷേത്ര കുളത്തിലേക്ക് മുതല എങ്ങനെയാണ് വന്നതെന്നും ആരാണ് ഇതിന് പേര് നല്‍കിയതെന്നും ആര്‍ക്കും അറിയില്ല. ഇതുവരെ വന്യമായ പെരുമാറ്റം മുതലയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

നേരത്തെ 2019ല്‍ ബബിയ ജീവനോടെയില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് യാതാരു അടിസ്ഥാനവുമില്ലെന്നും മുതല ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി ക്ഷേത്രഭാരവാഹികള്‍ തന്നെ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ബബിയ മരിച്ചെന്ന പ്രചാരണങ്ങള്‍ക്ക് ശേഷവും മുതല ക്ഷേത്രമുറ്റത്ത് എത്തിയിട്ടുണ്ട്.

1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.

Content Highlight: Kasargod Kumabala Ananthapuram temple’s ‘babiya’ crocodile dies

We use cookies to give you the best possible experience. Learn more