കുട്ടികള്‍ക്ക് വേണ്ടി നടുറോഡിലിറങ്ങി ജഡ്ജി
Kerala
കുട്ടികള്‍ക്ക് വേണ്ടി നടുറോഡിലിറങ്ങി ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2017, 10:16 pm

കാസര്‍ഗോഡ്: കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് ബസ് ജീവനക്കാരെ ജന മധ്യത്തില്‍ നിര്‍ത്തി ശകാരിച്ച് ജഡ്ജി. കുട്ടികളുടെ സുരക്ഷക്ക് വേണ്ടി നടുറോഡിലിറങ്ങിയ ജഡ്ജിക്ക് നാട്ടുകാര്‍ കൈയ്യടിയും നല്‍കി. കാസര്‍ഗോഡ് സബ് ജഡ്ജി ഫിലിപ്പ് തോമസാണ് റോഡിലിറങ്ങി ബസ് ജീവനക്കാരെ ശകാരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അനുദിനം കുട്ടികള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ചൈല്‍ഡ് ലൈനും ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ ബോധവത്കരണ ജാഥക്ക് കുമ്പളയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ മുഖ്യാതിഥി ജഡ്ജി ഫിലിപ്പ് തോമസ് ആയിരുന്നു. കുമ്പള ബസ്റ്റാന്റിന് മുന്‍വശത്തായിരുന്നു സ്വീകരണ വേദി ഒരുക്കിയത്.


Read more: ‘കേക്ക് പണ്ടേ എനിക്കൊരു വീക്ക്‌നെസ് ആണ്’; സാക്ഷിയുടെ കയ്യില്‍ നിന്നും കത്തി തട്ടിയെടുത്ത് കേക്ക് മുറിച്ചെടുത്ത് ധോണി; വൈറലായി സാക്ഷിയുടെ പിറന്നാള്‍ ആഘോഷം, വീഡിയോ


ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അപ്പുറത്ത് ബസില്‍ കയറാന്‍ വരിക്ക് നില്‍ക്കുകയായിരുന്ന കുട്ടികളെ ബസ് ജീവനക്കാര്‍ തള്ളിമാറ്റുന്നതും അസഭ്യം പറയുന്നതും ജഡ്ജി കണ്ടു. പൊതുസ്ഥലത്ത് വച്ചുള്ള ബസ് ജീവനക്കാരുടെ ഗുണ്ടായിസം ജഡ്ജി നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് മൈക്കിലൂടെ കുമ്പള എസ്.ഐ ജയശങ്കറിനെ വിളിച്ച് ബസ് ജീവനക്കാരെ കസ്റ്റടിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് എസ്.ഐ യും കൂടെയുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി. സൗജന്യനിരക്കിലുള്ള യാത്ര ഔദാര്യമല്ല കുട്ടികളുടെ അവകാശമാണെന്നും കുട്ടികള്‍ പഠിച്ച് വളര്‍ന്ന നാളെ ഉന്നത പദവിയിലെത്തേണ്ടവരാണെന്നും ജഡ്ജി പറഞ്ഞു.

കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് ബസ് ജീവനക്കാരെ ജനമധ്യത്തില്‍ ശകാരിക്കുകയും കുട്ടികള്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പ് വരുത്താന്‍ പോലീസിന് നിര്‍ദേശവും നല്‍കിയാണ് ജഡ്ജി ഫിലിപ്പ് തോമസ്  മടങ്ങിയത്.