| Wednesday, 26th January 2022, 6:39 pm

ബി.ജെ.പി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നു, ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തില്‍ നടപടി വേണം: കാസിം ഇരിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാസര്‍ക്കോട്ട് തുറമുറ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി ഉയര്‍ത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഐ.എന്‍.എല്‍.

സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ മന:പൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്‌സല്‍ നടന്നിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. മന്ത്രിക്കെതിരെ ആക്രോശങ്ങള്‍ നടത്തുന്ന ബി.ജെ.പി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം, എ.ഡി.എം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ്.

കൊടിമരത്തില്‍ പതാക സജ്ജീകരിക്കാന്‍ ചുമതലപ്പെട്ടവരും അതിനു മേല്‍നോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാലേ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കൂ,’ കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ സംഭവം നടന്നത്.

പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചതിന് ശേഷവും മന്ത്രി പതാക തലതിരിഞ്ഞിരിക്കുന്നത് കണ്ടില്ല. മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം, എകെ രാമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ജില്ലയിലെ എം.പിയും, എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു


Content Highlight: kasargod-incident-where-the-national-flag-was-tied-upside-down-inl-demands-stern-action

Latest Stories

We use cookies to give you the best possible experience. Learn more