| Saturday, 21st March 2020, 3:57 pm

'കാസര്‍ഗോഡ് വിട്ട് മറ്റൊരിടത്തും പോയിട്ടില്ല, രോഗവിവരം മറച്ചുവെച്ചിട്ടുമില്ല, കളക്ടര്‍ നടത്തുന്നത് നുണപ്രചരണം'; കാസര്‍ഗോട്ടെ രോഗബാധിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് വിട്ട് മറ്റൊരിടത്തേക്കും പോയിട്ടില്ലെന്നും രോഗവിവരം ആരില്‍ നിന്നും മറച്ചുവെച്ചിട്ടില്ലെന്നും കാസര്‍ഗോട്ടെ രോഗബാധിതന്‍. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.

വിമാനം ഇറങ്ങുമ്പോള്‍ തനിക്ക് പനി ഉണ്ടായിരുന്നില്ലെന്നും ഗള്‍ഫില്‍ നിന്ന് വന്ന് കുറച്ചുദിവസത്തിനകം ചെറിയ ചുമ വന്നിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

11 ാം തിയതി പുലര്‍ച്ചെ 2.20നാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. അവിടെ നിന്ന് അവര്‍ ഫോം തന്നിരുന്നു. എമിഗ്രേഷന്‍ കൗണ്ടറില്‍ ഫോം കൊടുത്തു. തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയപ്പോള്‍ കുഴപ്പമില്ല എന്ന് പറഞ്ഞു. എങ്കിലും ചുമയുണ്ടെന്നും ചെറിയ ബുദ്ധിമുട്ടുണ്ടെന്നും അവിടെയുള്ളവരോട് പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ട് തോന്നിയാല്‍ ബന്ധപ്പെടാനായിരുന്നു അവര്‍ പറഞ്ഞത്.

അതിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് ലോഡ്ജ് എടുത്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചത് കാരണം വീണ്ടും എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ഞങ്ങളുടെ കുറേയാളുകളുടെ പാസ്സ്‌പോര്‍ട്ട് അവിടെ കസ്റ്റം കമ്മീഷണര്‍ പിടിച്ചുവെച്ചിരുന്നു.

കാസര്‍ഗോഡ് എന്ന് പറഞ്ഞാല്‍ അവര്‍ പാസ്സ്‌പോര്‍ട്ട് വാങ്ങിവെക്കുമായിരുന്നു. അതിന്റെ കാരണം സ്വര്‍ണക്കടത്തും മറ്റുമായിരിക്കാം. ജ്വല്ലറിയായി എനിക്ക് ബന്ധമുണ്ടെന്നും മറ്റും വ്യാജവാര്‍ത്തയുണ്ട്. അതിനെ കുറിച്ച് എനിക്ക് അറിയില്ല.

പാസ്സ്‌പോര്‍ട്ട് തരാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞില്ല. ചോദിച്ചപ്പോള്‍ മാഡത്തിന്റെ കൈയിലാണെന്ന് പറഞ്ഞു. ഇപ്പോഴും പാസ്‌പോര്‍ട്ടും ലഭിച്ചിട്ടില്ല. മാഡം ഇല്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് പറഞ്ഞത്.

കളക്ടറുമായി ഇതുവരെ സംസാരിച്ചിട്ടില്ല. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ നുണ പ്രചരണമാണ് നടത്തിയത്. ഞാന്‍ മംഗലാപുരത്ത് പോയെന്നും രക്തപരിശോധന നടത്തിയെന്നും പറയുന്നു. കളക്ടര്‍ ഇതുവരെ നേരിട്ട് എന്നോട് സംസാരിച്ചിട്ടില്ല. ഞാന്‍ അങ്ങനെ പോയെങ്കില്‍ ആ രേഖ അദ്ദേഹം ഹാജരാക്കട്ടെ.

ഫോണ്‍ മുഖേന തിരുവനന്തപുരത്തുള്ള ഒരു ലേഡി ഡോക്ടര്‍ വിളിച്ച് സംസാരിച്ചിരുന്നു. അവരോട് എല്ലാ കാര്യവും വിശദീകരിച്ചിരുന്നു. കാസര്‍ഗോഡ് സെപ്ഷ്യല്‍ പൊലീസ് ഓഫീസറുമായും ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റിലെ ആളുമായും സംസാരിച്ചിരുന്നു.

12 ാം തിയതി പുലര്‍ച്ചെ ഏഴ് മണിക്കാണ് കാസര്‍ഗോഡ് എത്തിയത്. ഞാന്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്നും മറച്ചവെക്കുന്നെന്നുമാണ് കളക്ടര്‍ പറഞ്ഞത്. ഒന്നും മറിച്ചുവെച്ചിട്ടില്ല. വ്യക്തിവൈരാഗ്യമോ മറ്റോ തോന്നുന്നവരായിരിക്കും ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ഞാന്‍ കടയില്‍ നിന്ന് അസുഖം വാങ്ങി വന്നതല്ല. എന്നെ കൊല്ലണമെന്നും ചുടണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നത് കണ്ടു. എന്തിന് വേണ്ടിയാണെന്ന് അറിയില്ല.

എന്റെ ജ്യേഷ്ഠനും ബന്ധുക്കളും ഗള്‍ഫിലാണ് ബിസിനസ് ചെയ്യുന്നത്. ഞാന്‍ അവിടെ നിന്നും തുണിയും കോസ്‌മെന്റികും മുംബൈയില്‍ കൊണ്ടുവന്നുകൊടുക്കും. അതാണ് എന്റെ ജോലി.

കാസര്‍ഗോഡ് ടൗണില്‍ എന്റെ ഇഷ്ടത്തിന് ഞാന്‍ പോയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പിലും ക്ലബ്ബിലും പോയിട്ടുണ്ട്. ബന്ധുവിന്റെ കല്യാണത്തിന് പോയി. അവിടെ വെച്ച് എം.എല്‍.എക്ക് കൈകൊടുത്തിരുന്നു. പിന്നീട് കാസര്‍ഗോഡുള്ള അടൂരിലേക്ക് പോയിരുന്നു. രാത്രി 2 മണിക്ക് തിരിച്ചുവന്നു. എന്റെ മകനും ഞാനും കൂടിയാണ് രാത്രി കിടന്നത്.

രാവിലെ അനുജന്റെ വീടുകൂടല്‍ ചടങ്ങാണ്. പത്ത് പതിനഞ്ച് പേരേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം ഉച്ചയ്ക്ക് പെങ്ങളുടെ മകളുടെ മകന്റെ തൊട്ടില്‍കെട്ടല്‍ പരിപാടിക്ക് പങ്കെടുത്തു. 150ാം ഓളം പേര്‍ ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം ഉമ്മയുടെ അടുത്ത് പോയിരുന്നു. അതിന് ശേഷം കാസര്‍ഗോഡ് വിട്ട് പോയിട്ടിട്ടില്ല. കണ്ണൂരി പോയി എന്നത് വ്യാജ പ്രചരണമാണ്.

എനിക്ക് ആ സംഭവം അറിയില്ല. കണ്ണൂര്‍ എന്ന സ്ഥലത്ത് ഞാന്‍ പോയിട്ടില്ല. നുണപ്രചരണം ആണ് ഉണ്ടായത്. തളിപ്പറമ്പില്‍ മരണവീട്ടില്‍ പോയി എന്നതൊക്കെ നുണപ്രചരണമാണ്. മംഗലാപുരത്ത് പോയി എന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഏത് അന്വേഷണത്തിനും തയ്യാറാണ്. ഞാന്‍ എന്തെങ്കിലും കള്ളം ചെയ്‌തെങ്കില്‍ അവര്‍ ശിക്ഷിക്കട്ടെ. എന്റെ മൊബൈല്‍ നമ്പറും മറ്റും നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലും ഞാന്‍ പോയിട്ടില്ല. എന്റെ മകളെ കല്യാണം ഉണ്ടോ ജ്വല്ലറിയില്‍ കയറാന്‍. അവര്‍ റൂട്ട് നോക്കട്ടെ. ഞാന്‍ കള്ളനാണോ എന്ന് അപ്പോള്‍ അറിയാം. അവര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എന്നെ പരിശോധിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

കളക്ടര്‍ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്നറിയില്ല. അദ്ദേഹം ഭരണകൂടത്തിന്റെ ഭാഗമല്ലേ.ഞാന്‍ എന്തൊക്കെയോ മറച്ചുവെക്കുന്നു എന്ന് പറയുന്നു. ഇതിലൊന്നും ഒരു അടിസ്ഥാനവുമില്ല. എന്റെ രോഗം പുറത്തുവന്നില്ലേ.. അതിന്റെ അപ്പുറം എന്ത് മറച്ചുവെക്കാനാണ്.

ഗള്‍ഫില്‍ നിന്നും എന്റെ തുണി സാധനങ്ങള്‍ മാത്രമാണ് കൊണ്ടുവന്നത്. അല്ലാതെ മറ്റൊന്നും ഞാന്‍ കൊണ്ടുവന്നിട്ടില്ല, അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more