കൊച്ചി: കാസര്‍ഗോഡ് അതിര്‍ത്തി തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക. കാസര്‍ഗോഡ് കൊവിഡ് ബാധിത മേഖലയാണെന്നും കാസര്‍ഗോഡുള്ളവര്‍ മംഗലാപുരത്ത് വരുന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുമെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേളത്തിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ചതിന് എതിരായ പൊതുതാത്പര്യ ഹരജിയിലെ വാദത്തിനിടെയാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മംഗലാപുരം, കൂര്‍ഗ് എന്നിവടങ്ങലിലേക്ക് യാത്ര അനുവദിക്കാനാവില്ല. ഈ വിഷയം സുപ്രീം കോടതിയാണ് പരിഗണിക്കേണ്ടത്.
അതിര്‍ത്തി അടച്ചതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നും കര്‍ണാടക പറഞ്ഞു.
രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുയാണ് ചെയ്യുന്നത്. കേരളത്തിലേക്കുള്ള അതിര്‍ത്തി മാത്രമല്ല അടച്ചത്. മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളും അടച്ചിട്ടുണ്ട്. കോവിഡ് ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക എന്നത് പ്രയോഗികമല്ലെന്നും എ.ജി കോടതിയില്‍ വാദിച്ചു.
എന്നാല്‍ രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് കേരളം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ പതിറ്റാണ്ടുകളായി വിദഗ്ധ ചികിത്സ തേടുന്നത് മംഗലാപുരത്തു നിന്നാണ്. സ്ഥിരമായി പരിശോധന നടത്തേണ്ടവരും തുടര്‍ചികിത്സ വേണ്ടവരുമായി നിരവധി രോഗികള്‍ ജില്ലയിലുണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മംഗലാപുരത്തെ ആശുപത്രികള്‍ കേരളത്തില്‍ നിന്നുള്ളവരെ ചികിത്സിക്കാന്‍ തയ്യാറാണെന്നുള്ള കത്ത് ഉള്‍പ്പെടെയാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി. ഇരു സംസ്ഥാനങ്ങളമായി സംസാരിക്കാമെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
മാര്‍ച്ച് 26 നാണ് ചരക്ക് ഗതാഗതം അടക്കം തടഞ്ഞുകൊണ്ട് കണ്ണൂര്‍-മൈസൂര്‍ പാതയില്‍ കര്‍ണാടക മണ്ണുമതില്‍ തീര്‍ത്തത്. കൊവിഡ് 19 രോഗികള്‍ കൂടുതല്‍ കേരളത്തില്‍ ആയതിനാലായിരുന്നു കര്‍ണാടകയുടെ ഈ തീരുമാനം. കേരളം കടുത്ത എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് വയനാട് അതിര്‍ത്തി കര്‍ണാടക തുറന്നുകൊടുത്തിരുന്നു. ബാവലി, മുത്തങ്ങ വഴിയാണ് ഇപ്പോള്‍ കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതം നടക്കുന്നത്.