ബദിയടുക്ക: ബസ് ജീവനക്കാരന്റെ ഉപദ്രവം സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനി ബസിന്റെ താക്കോല്‍ എടുത്ത് ഓടി. ബദിയഡുക്ക-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലാണ് സംഭവം.
കണ്ടക്ടറും ബസ്സിന്റെ ക്ലീനറുമായ യുവാവ് സ്ഥിരമായി കുട്ടിയെ അസഭ്യം പറയുകയും പരസ്യമായി കളിയാക്കുകയും ചെയ്യുമായിരുന്നു. നിരവധി തവണ ഇത് ആവര്‍ത്തിച്ചതോടെയാണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി രംഗത്തെത്തിയത്.
വെള്ളിയാഴ്ച രാവിലെ ബസ്സില്‍ പോകുമ്പോഴും ജീവനക്കാരന്‍ പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞു. ഇനി ഉപദ്രവിച്ചാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി താക്കീത് നല്‍കിയിരുന്നെങ്കിലും വൈകുന്നേരം തിരിച്ചുവരുന്ന വഴിയും ഇയാള്‍ ബസ്സില്‍ കയറിയ പെണ്‍കുട്ടിയെ ചീത്ത വിളിക്കാന്‍ തുടങ്ങി.
ഇനി ഇത് തുടരരുതെന്നും താന്‍ ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് മാപ്പ് പറയണമെന്ന് പെണ്‍കുട്ടി ജീവനക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ വീണ്ടും പെണ്‍കുട്ടിയെ പരസ്യമായി അധിക്ഷേപിക്കാന്‍ തുടങ്ങി.
ഇതോടെ പെണ്‍കുട്ടി ബസ്സിന്റെ ഡ്രൈവറുടെ കാബിനിലേക്ക് ഓടിക്കയറി താക്കോല്‍ വലിച്ചൂരി ബസ്സില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. സംഭവം കണ്ട് അന്ധാളിച്ചുപോയ ഡ്രൈവറും കണ്ടക്ടറും എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിക്കുകയും പെണ്‍കുട്ടി കാര്യങ്ങള്‍ പോലീസിന് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് ജീനക്കാരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാട്ടുകാരും പോലീസ് സ്റ്റേഷനിലെത്തി. സ്‌റ്റേഷനില്‍ വെച്ച് കണ്ടക്ടര്‍ കരഞ്ഞ് മാപ്പപേക്ഷിക്കുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന്് പറയുകയുമായിരുന്നു. ജോലിയില്‍ നിന്നും കണ്ടക്ടറെ പിരിച്ചുവിടുകയാണെന്ന് ബസ്സിന്റെ മുതലാളിയും പറഞ്ഞു. ഇതോടെ പോലീസ് ഇയാള്‍ക്ക് താക്കീത് നല്‍കുകയും കേസെടുക്കാതെ വിട്ടയക്കുകയായുമായിരുന്നു.