കാസര്‍ഗോഡ്: പൊലീസ് വാഹനം പിടിച്ചെടുത്തതിന് പിന്നാലെ കാസര്‍ഗോഡ് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. അബ്ദുല്‍ സത്താര്‍ (55) ആണ് മരിച്ചത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.
സത്താറിന്റെ മരണത്തില്‍ എസ്.ഐ അനൂപിനെ സ്ഥലം മാറ്റിയതായാണ് റിപ്പോര്‍ട്ട്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുന്നോടിയായി പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സത്താര്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പൊലീസ് തയ്യാറാവാതിരുന്നതില്‍ വേദനയുണ്ടെന്നാണ് സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.
ഓട്ടോറിക്ഷ തന്റെ ഉപജീവനമാര്‍ഗമായിരുന്നുവെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് നടപടിയില്‍ പരാതിയുമായി താന്‍ നേരെ എസ്.പി ഓഫീസില്‍ പോയെന്നും അവിടെയുള്ള ഉദ്യോഗസ്ഥര്‍ തന്നോട് ഡി.വൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞെന്നും സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. പരാതിയുമായി ഡി.വൈ.എസ്.പിയെ സമീപിച്ചുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
‘യാത്രക്കാരുമായി പോകുന്നതിനിടെ ഷാജിയെന്ന ഹോം ഗാര്‍ഡ് വന്ന് മുന്നോട്ടുപോകാന്‍ പാടില്ലെന്ന് പറഞ്ഞു. ആ റോഡ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ക്ക് മുന്നിലോട്ടും പിറകിലോട്ടും പോകാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഹോം ഗാര്‍ഡ് എസ്.ഐയെ വിളിക്കുകയായിരുന്നു.
പിന്നാലെ എസ്.ഐ ഓട്ടോയുടെ താക്കോല്‍ എടുത്ത് പോകുകയും ചെയ്തു. വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ എനിക്കെതിരെ ഏതാനും വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു,’ എന്നാണ് അബ്ദുല്‍ സത്താര്‍ പറഞ്ഞത്.
വണ്ടി വാങ്ങിത്തന്നത് ഒരു സുഹൃത്താണെന്നും 25000 മാത്രമേ അവന് കൊടുത്തിട്ടുള്ളുവെന്നും സത്താര്‍ പറഞ്ഞിരുന്നു. സുഹൃത്തിന്റെ പേരിലാണ് വണ്ടിയെടുത്തതെന്നും ഇന്ന് വാ നാളെ വാ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുകയാണെന്നുമാണ് സത്താര്‍ വീഡിയോയിലൂടെ അറിയിച്ചത്.
തുടര്‍ന്നാണ് സത്താറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ സത്താറിന്റെ മരണവിവരം പുറത്തുവന്നതോടെ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുകയുണ്ടായി.
Content Highlight: Kasargod auto driver hanged dead