കാസര്‍കോട്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്കയിലാണ് സംഭവം. 23 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പാകിസ്താന്‍ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയുമാണ് ഇവര്‍ ചെയ്തത്. രാത്രിയില്‍ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐ.പി.സി 486), മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐ.പി.സി 153) എന്നീ വകുപ്പുകള്‍ അനുസരിച്ചാണു കേസെടുത്തത്.
കുമ്പടാജെ പഞ്ചായത്ത് മുന്‍പ്രസിഡന്റും ബി.ജെ.പി നേതാവുമായ രാജേഷ് ഷെട്ടി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചക്കുടലില്‍ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കുമെതിരെയാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്.
ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി പാകിസ്താന്‍ ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയത് കഴിഞ്ഞ ഞായറാഴ്ചയാണ് (ജൂണ്‍ 18). അന്ന് രാത്രി 11 മണിയോടെയാണ് കുമ്പടാജെ ചക്കുടലിലെ റോഡില്‍ ആഹ്ലാദപ്രകടനം നടന്നത്. ആഹ്ലാദ പ്രകടനം നടത്തിയെന്നും പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി. ആഹ്ലാദപ്രകടനത്തിന് ശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു.
Don”t Miss: ഇവരൊക്കെ തീവ്രവാദികള്‍ ആണെങ്കില്‍ ഞങ്ങളും തീവ്രവാദികളാണ്; പുതുവൈപ്പ് സമരസമിതി ചെയര്‍മാന്‍ സംസാരിക്കുന്നു
നേരത്തേ മധ്യപ്രദേശില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന്‍ ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 15 മുസ്ലിം യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തിരുന്നു. മധ്യപ്രദേശിലെ ബുര്‍ഹാപൂരിലെ മൊഹദ് ഗ്രാമവാസികള്‍ക്കെതിരെയാണ് രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്. 20-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഇവര്‍ക്കെതിരെ രാജ്യദ്രോഹത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാമശ്രായ് യാദവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മൊഹദ് എന്ന മുസ് ലിം ഭൂരിപക്ഷ ഗ്രാമമാണെന്നും ഹിന്ദുവായ പ്രദേശവാസിയാണ് പരാതി നല്‍കിയതെന്നും യാദവ് പറയുന്നു.
Never Miss: ആംബുലന്‍സ് കടന്നു പോകുന്നതിനായി രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി; ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം
ആരോപണ വിധേയരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്താന്‍ ജില്ലാ മജിസ്ട്രേറ്റിന് കത്തുനല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നിരിക്കെയാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.