കാസര്‍കോഡ്: കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം സമരപ്പന്തലിലെത്തിച്ച് പ്രതിഷേധം. കുമ്പടാജെ പഞ്ചയത്തിലെ പെരിഞ്ചയിലുള്ള മൊഗേര്‍ എന്ന ആദിവാസി കോളനിയില്‍ കഴിഞ്ഞ ദിവസം മരിച്ച മോഹനന്‍-ഉഷ ദമ്പതികളുടെ മൂന്നാമത്ത കുഞ്ഞായ ഹര്‍ഷിതയുടെ(ഒന്നര വയസ്) മൃതദേഹമാണ് കാസര്‍കോഡ് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തുള്ള സമരപ്പന്തലില്‍ എത്തിച്ചത്.
സാമൂഹിക പ്രവര്‍ത്തക ദയാ ബായി ആണ് ഇന്ന് സമരം ഉദ്ഘാടനം ചെയ്യുന്നത്. ഹര്‍ഷിതക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ കാസര്‍ഗോഡിന് എയിംസ് വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കൃത്യമായ കണക്കെടുപ്പ് പോലും നടക്കുന്നില്ലെന്ന ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ഹര്‍ഷിതയുടെ അന്ത്യം. ജനിച്ചപ്പോഴേ തല വലുതായിരുന്നു. ശരീരത്തിന് പിന്നില്‍ മുഴയുമുണ്ടായിരുന്നു. ചലന ശേഷിയും സംസാര ശേഷിയും ഉണ്ടായിരുന്നില്ല.
ജില്ലയിലെ ആശുപത്രികളില്‍ പല തവണ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഒരു പ്രാവശ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലും അഡ്മിറ്റാക്കുകയായിരുന്നു. അന്ന് 16 ദിവസത്തോളം ഇവിടെ ചികില്‍സയില്‍ കഴിഞ്ഞിരുന്നു.