| Monday, 18th June 2018, 3:35 pm

കാസര്‍കോട് മൂന്നാം ക്ലാസുകരാനായ ഫഹദിനെ കഴുത്തറുത്ത് കൊന്ന കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ കല്യോട്ട് കണ്ണോത്ത് വിജയകുമാറിന് (31) ജീവപര്യന്തം. കേസിലെ പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഇരിയ കല്യോട്ട് കണ്ണോത്തെ വിജയകുമാറിന് കാസര്‍കോട് അഡിഷണല്‍ സെഷന്‍ കോടതി ജഡ്ജി ശശികുമാറാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐ.പി.സി 34, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2015 ജൂലായ് 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയകുമാര്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്.


Read Also : എന്തുകൊണ്ട് ഞാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു? നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്കായി പ്രചരണം നടത്തിയ ശിവം ശങ്കര്‍ സിങ് എഴുതുന്നു


ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും മരണം സംഭവിച്ചു. . കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു.പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

പിന്നീട് കേസ് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more