| Friday, 2nd April 2021, 5:17 pm

കാസര്‍ഗോട്ടുകാര്‍ എന്തിന്, ആര്‍ക്ക് വോട്ട് ചെയ്യണം?

ലത്തീഫ് അബ്ബാസ് പട്‌ല

ജനസംഖ്യാ വലിപ്പത്തില്‍ കോട്ടയം ജില്ല കഴിഞ്ഞാല്‍ തൊട്ടടുത്ത് വരുന്നത് കാസര്‍ഗോഡ് ജില്ലയാണ് അതിനു കീഴില്‍ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകള്‍ യഥാവിധം വരുന്നു. ഈ ജില്ലകള്‍ മുന്‍ നിര്‍ത്തി അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ – വിദ്യാഭ്യാസ രംഗം തുടങ്ങിയ മേഖലകളില്‍ ഒരു താരതമ്യ പഠനം നടത്തിയാല്‍ നമ്പര്‍ വണ്‍ കേരളത്തിനു പുറത്താണോ കാസര്‍ഗോഡ് ജില്ല എന്നു ചോദിക്കേണ്ടി വരും. കേരളത്തിലെ മറ്റെല്ലാ ജില്ലകളേക്കാളും എല്ലാ മാനദണ്ഡങ്ങള്‍ വെച്ച് അളന്നാലും വികസന മുരടിപ്പ് രൂക്ഷമായി അനുഭവിക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്.

കാസര്‍ഗോഡെ വികസന മുരടിപ്പ് ഏറെക്കുറേ കടുത്ത രീതിയില്‍ കാണുന്നത് മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയോജക മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളെ ജില്ലയിലെ മറ്റു മൂന്നു മണ്ഡലങ്ങളുമായി താരതമ്യം ചെയ്താല്‍ വലിയൊരു അസന്തുലിതാവസ്ഥ കാണാന്‍ സാധിക്കും. അതായത്, ജില്ല അനുഭവിക്കുന്ന പ്രശ്‌നം പൊതുവായതല്ല, മറിച്ച് ഭാഷാ ന്യൂനപക്ഷങ്ങളും മിശ്ര മലയാളക്കാരും അടങ്ങുന്ന മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളാണ് വികസന രാഹിത്യത്തിന്റെ പ്രശ്‌ന കേന്ദ്രങ്ങള്‍. ഈ രണ്ട് മണ്ഡലങ്ങളെ പ്രത്യേകമായി തന്നെ സമീപിക്കേണ്ടിയിരിക്കുന്നു.

ഭാഷാപരമായ പിന്നാക്കാവസ്ഥയാണ് പ്രധാനമായും ഇവരെ കേരളത്തിന്റെ മുഖ്യധാരാ വ്യവഹാരങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കുന്നത്. അതാണ് സാമൂഹിക വളര്‍ച്ചക്ക് വലിയൊരു വിഘാതമായി നിലനില്‍ക്കുന്നത്. മിശ്രമലയാള വിഭാഗങ്ങളെ വിദ്യഭ്യാസപരമായ പരിഷ്‌ക്കരണങ്ങള്‍ വഴി ഉല്‍ബുദ്ധരാക്കുന്നതിലൂടെ തങ്ങളുടെ അവകാശങ്ങള്‍ നേടുന്നതിന് പ്രാപ്തിയുള്ളവരാക്കാം. പക്ഷേ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളെ കന്നഡക്കാരായി നിലനിര്‍ത്തിക്കൊണ്ട് തന്നെ അവരുടെ അവകാശങ്ങള്‍ എങ്ങനെ നേടിക്കൊടുക്കാം എന്നതു ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

സാമൂഹിക പ്രതിബദ്ധതയുള്ള കരുത്തരായ എം.എല്‍.എമാരെക്കൊണ്ട് മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. അല്ലാതെ, ഈ പ്രദേശങ്ങളെ മുറിച്ചുമാറ്റി കര്‍ണ്ണാടകക്ക് വീതം നല്‍കേണ്ടതില്ല. പക്ഷേ തങ്ങളുടെ എല്ലാവിധ പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എം.എല്‍.എമാര്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കില്ലാതെ പോയി. ഇവിടെ വര്‍ഗീയമായ വിഭാഗീയത ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളില്‍ അന്ധമായ രാഷ്ടീയ വിധേയത്വമുണ്ട്. അത് മുതലെടുത്താണ് ജനപ്രതിനിധികള്‍ ജയിച്ചു കയറുന്നത്.

കോവിഡ് 19 ലോക്ക്ഡൗണ്‍ സമയത്താണ് കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യപരിതസ്ഥിതി ഏറെ ചര്‍ച്ചയായത്. കര്‍ണ്ണാടക മംഗലാപുരം അതിര്‍ത്തി അടച്ചപ്പോള്‍ അത്യാഹിത ചികിത്സ ലഭ്യമാകാതെ കാസര്‍ഗോഡ് നിന്ന് മരണപ്പെട്ടത് 13 പേരാണ്. ആ സമയത്ത് കേരളത്തിലെ കോവിഡ് മരണം പോലും രണ്ട് പേരായിരുന്നു. കേരളത്തിന്റെ അതിര്‍ത്തി ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യ- വിദ്യാഭ്യാസപരമായ ഉന്നത ആവശ്യങ്ങള്‍ക്ക് അയല്‍ സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നു എന്നത് കേരളത്തിന് വലിയൊരു നാണക്കേട് തന്നെയാണ്. കാലങ്ങളായി ഇവിടുത്തെ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇതുവരെ തിരിഞ്ഞു നോക്കാന്‍ ഇടതുമുന്നണിക്കോ വലതുമുന്നണിക്കോ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പാതി വഴിയില്‍ ഇഴയുന്ന മെഡിക്കല്‍ കോളേജ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ല എന്ന പരിഗണനയിലാണ് 2013 ല്‍ കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ പ്രദേശമായ ബദിയഡുക്കക്കടുത്ത് ഉക്കിനടുക്കയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു തറക്കല്ലിടുന്നത്. 2021 ല്‍ 8 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജിന്റെ പണി 60 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.

തറക്കല്ലിട്ടതിനു ശേഷം നിര്‍മാണം വളരെ മന്ദീഭാവത്തിലായിരുന്നു. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പണി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജില്ലയില്‍ തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത വടക്കന്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് വരുന്നതില്‍ തങ്ങളുടെ അനിഷ്ടവും പ്രതിഷേധവും പ്രകടിപ്പിക്കാനാണ് ഇടതുപക്ഷം അവസരം ഉപയോഗിച്ചത്. ആരോഗ്യ മന്ത്രിക്കു പുറമെ, കാസര്‍ഗോഡ് നിന്നുള്ള റവന്യു മന്ത്രി ചന്ദ്രശേഖരന്‍ തന്നെ ബദിയഡുക്കയില്‍ കോളേജ് വരുന്നതില്‍ എതിര്‍പ്പ് അറിയിച്ചു.

എന്നാല്‍, 2013 ല്‍ തറക്കല്ലിട്ട കോന്നി, പാലക്കാട്, മെഡിക്കല്‍ കോളേജുകളില്‍ പണി വേഗത്തില്‍ പൂര്‍ത്തിയാവുകയും ഉല്‍ഘാടനം എന്നോ കഴിയുകയും ചെയ്തു. ഒടുവില്‍ കോവിഡ് വന്നപ്പോഴാണ് ഇടതു സര്‍ക്കാര്‍ അല്‍പം താല്‍പര്യത്തോടെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലേക്ക് തിരിയുന്നത്. പക്ഷേ ആരോഗ്യ രംഗത്ത് കാസര്‍ഗോഡിന്റെ വലിയ പ്രതീക്ഷയായ മെഡിക്കല്‍ കോളേജ് ഇപ്പോഴും യാഥാര്‍ത്ഥ്യമാകാറായിട്ടില്ല. ഇനിയും വര്‍ഷങ്ങള്‍ കാത്തു നില്‍ക്കണം. അതു വരേക്കും കര്‍ണാടക തങ്ങളുടെ അതിര്‍ത്തി പൂട്ടാതെ കാസര്‍ഗോഡുകാര്‍ക്ക് ഔദാര്യം കനിയണം.

കാസര്‍ഗോഡ് MLA എന്‍.എ നെല്ലിക്കുന്ന് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ കാണിക്കുന്ന നിസംഗത വിമര്‍ശനാര്‍ഹമാണ്. മംഗലാപുരം പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ താല്‍പര്യത്തിന് അദ്ദേഹം വഴിപ്പെടുന്നുണ്ടോ എന്ന് ജനങ്ങള്‍ അന്വേഷിക്കണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ജനകീയ പ്രക്ഷോഭം നടത്തുകയാണ് ഇനി വേണ്ടത്.

ജില്ലയുടെ അവഗണന; കണക്കുകള്‍ പറയുന്നത്

ജനസംഖ്യയില്‍ കാസര്‍ഗോഡിനു തൊട്ടു മുന്നിലുള്ള കോട്ടയം, തൊട്ടു പിന്നിലുള്ള പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളുമായി കാസര്‍ഗോഡിനെ താരതമ്യം നടത്തിയാല്‍ കാസര്‍ഗോഡ് ജില്ല നേരിടുന്ന ‘അവഗണന’ മനസ്സിലാക്കാം. കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള വയനാട് ജില്ല അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പോലും കാസര്‍ഗോഡിനില്ല. ആരോഗ്യ -വിദ്യാഭ്യാസ മേഖലയില്‍ അനുഭവിക്കുന്ന പരിതാപകര സ്ഥിതിവിശേഷം കാലങ്ങളായി ജില്ല നേരിടുന്ന അവഗണനയുടെ ഫലമാണ്. കൊറോണ കാലത്ത് കര്‍ണ്ണാടക അതിര്‍ത്തിയില്‍ വിലക്ക് വെച്ചപ്പോഴാണ് ഇത് പുറംലോകം ശ്രദ്ധിച്ചത്.

മുകളില്‍ പറഞ്ഞ നാല് ജില്ലകളിലെ ജനസംഖ്യയും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും വിഭവശേഷിയും താരതമ്യം ചെയ്താല്‍ കാസര്‍കോട് നേരിടുന്ന ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകും.

നാലു ജില്ലകളില്‍ ജനസംഖ്യ
കോട്ടയം- 19.74 ലക്ഷം
കാസര്‍ഗോഡ്-13.07 ലക്ഷം
പത്തനംതിട്ട-11.97 ലക്ഷം
ഇടുക്കി-11.08 ലക്ഷം

സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം

കാസര്‍ഗോഡ്- 304
(അതില്‍ 57 ആശുപത്രികള്‍, 247 സബ് സെന്ററുകള്‍)
ഇടുക്കി-371

ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം

കോട്ടയം- 1064

കാസര്‍ഗോഡ്- 212

പത്തനംതിട്ട- 714

താലൂക്ക് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം

കാസര്‍ഗോഡ്- മൂന്നിടത്തായി 89

പത്തനംതിട്ട-നാലിടത്തായി 432

ഇടുക്കി- മൂന്നിടത്തായി 224

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

കാസര്‍ഗോഡ്-മൊത്തം 26 പി.എച്ച്.സികള്‍ (ഒരിടത്തും കിടത്തി ചികിത്സ ഇല്ല)

പത്തനംതിട്ട- 33 പി.എച്ച്.സികളിലായി 192 കിടക്കകള്‍

ഇടുക്കി- 25 പി.എച്ച്.സികളിലായി 108 കിടക്കകള്‍

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

കാസര്‍ഗോഡ്- ഏഴിടത്തായി ആകെയുള്ളത് 24 കിടക്കകള്‍

പത്തനംതിട്ട- 8 എണ്ണം, 120 കിടക്കകള്‍

ഇടുക്കി- 6 എണ്ണം, 62 കിടക്കകള്‍

ഈ ജില്ലകളിലെ ആകെ കിടക്കകള്‍

കോട്ടയം-2817

കാസര്‍ഗോഡ് -1087

പത്തനംതിട്ട -1938

സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കുറവുള്ള വയനാട്ടില്‍ പോലും ആകെ കിടക്കകള്‍ -1357

ജനറല്‍ / ജില്ലാ ആശുപത്രികളുടെ എണ്ണം

കാസര്‍ഗോഡ് – 2 ( ജില്ല, ജനറല്‍ ഓരോന്ന് വീതം)

പത്തനംതിട്ട -2 (ജനറല്‍ ആശുപത്രികള്‍)

ഇടുക്കി -2 (ജില്ലാ ആശുപത്രികള്‍)

താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍

കാസര്‍ഗോഡ്- 3

പത്തനംതിട്ട- 4

കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍

കാസര്‍ഗോഡ്- 6

പത്തനംതിട്ട-12

ഇടുക്കി- 12

ജനസംഖ്യ എറ്റവും കുറവുള്ള വയനാട് പോലും 9

24 മണിക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

കാസര്‍ഗോഡ്- 7

ഇടുക്കി- 9

പി.എച്ച്.സികള്‍

കാസര്‍ഗോഡ്- 26

ഇടുക്കി- 33

ഡോക്ടര്‍മാരുടെ എണ്ണം

കാസര്‍ഗോഡ് -198 (ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ് )

പത്തനംതിട്ട- 280

ഇടുക്കി-219 (ഡോക്ടര്‍- ബെഡ് അനുപാതം 5.00 )

ഒരു ബെഡിന് ആളുകളുടെ എണ്ണം

(ഒരുബെഡിന് 879 പേര്‍ എന്നതാണ് സംസ്ഥാന ശരാശരി)

കോട്ടയം-702

കാസര്‍ഗോഡ്-1203

പത്തനംതിട്ട- 615

മെറ്റേണല്‍ മോര്‍ട്ടാലിറ്റി (മാതൃമരണം) റേഷ്യോ

കാസര്‍ഗോഡ് -42

പത്തനംതിട്ട -15

നവജാത ശിശു മരണനിരക്ക്

കാസര്‍ഗോഡ്- 10

പത്തനംതിട്ട -3

കണക്കുകള്‍ക്ക് അവംലംബം: ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസസിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍. ( കടപ്പാട് : NP ജിഷാര്‍ )

ഇതാണ് ആരോഗ്യ മേഖലയില്‍ കാസര്‍ഗോഡ് ജില്ല അനുഭവിക്കുന്ന പിന്നാക്കാവസ്ഥ. വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൗകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് പ്രധാന കാരണം. വിദ്യാഭ്യാസ മേഖലയിലും സമാനസ്ഥിതി കാണാന്‍ സാധിക്കും. താരതമ്യത്തിന് വേണ്ടി കാസര്‍ഗോഡിന്റെ ജനസംഖ്യക്ക് തൊട്ട് പിറകിലുള്ള പത്തനംതിട്ട തന്നെ എടുക്കാം.

പത്തനംതിട്ട ജില്ലയില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 21,810 വിദ്യാര്‍ത്ഥികള്‍ 264 ഗവണ്‍മെന്റ് സ്‌കൂളുകളിലായി പഠിക്കുന്നു. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ 89,633 വിദ്യാര്‍ത്ഥികള്‍ക്കായി 355 ഗവണ്‍മെന്റ് സ്‌കൂളുകളാണുള്ളത്. അതായത് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥികളുടെ നാല് മടങ്ങിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ രണ്ട് മടങ്ങിന്റെ വ്യത്യാസം പോലും കാണാനില്ല.

ഗവണ്‍മെന്റ് സ്‌കൂളുകളുടെ എണ്ണം വിവിധ സെക്ഷനില്‍ പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ എത്ര വീതമാണെന്നു നോക്കാം.

എല്‍.പി

കാസര്‍ഗോഡ്- 195
പത്തനംതിട്ട- 167

യു . പി

കാസര്‍ഗോഡ്- 60
പത്തനംതിട്ട- 43

എച്ച് . എസ്

കാസര്‍ഗോഡ്-100
പത്തനംതിട്ട- 54

കാസര്‍ഗോഡിനേക്കാള്‍ ജനസംഖ്യ കുറഞ്ഞ പത്തനംതിട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഓരോ സ്‌കൂളും വഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അതിഭീമമാണ്.

ഇനി എയിഡഡ് സ്‌കൂളുകളുടെ കാര്യം നോക്കാം

പത്തനംതിട്ട ജില്ലയില്‍, ഒന്നു മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന 54647 വിദ്യാര്‍ത്ഥികള്‍ക്കായി 434 എയിഡഡ് സ്‌കൂളുകളുണ്ട്. കാസര്‍ഗോഡ്, 68930 വിദ്യാര്‍ത്ഥികള്‍ക്കായി 217 എയിഡഡ് സ്‌കൂളുകളും.

എയിഡഡ് മേഖലയില്‍ വിവിധ സെക്ഷനില്‍ സ്‌കൂളുകളുടെ എണ്ണം കാണാം

എല്‍. പി

കാസര്‍ഗോഡ്- 112
പത്തനംതിട്ട- 235

യു. പി

കാസര്‍ഗോഡ്- 70
പത്തനംതിട്ട- 87

എച്ച് . എസ്

കാസര്‍ഗോഡ്- 35
പത്തനംതിട്ട- 112

കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികളേക്കാള്‍ 14283 വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെങ്കിലും, പത്തനംതിട്ടയില്‍ LP യില്‍ 123, UP യില്‍ 17, HS ല്‍ 77 വീതം സ്‌കൂളുകള്‍ കൂടുതലുള്ളതായി കാണാം.

വേറൊരു രീതിയില്‍ വിശകലനം നടത്തിയാല്‍ LP, UP, HS സെക്ഷനുകളിലെ മൊത്തം വിദ്യാര്‍ത്ഥികളെയും മൊത്തം സ്‌കൂളുകളെയും ഇങ്ങനെ വായിക്കാം;

എല്‍ . പി

പത്തനംതിട്ട- 482 സ്‌കൂളുകള്‍, 27413 വിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡ്- 307 സ്‌കൂളുകള്‍, 68690 വിദ്യാര്‍ത്ഥികള്‍

യു . പി

പത്തനംതിട്ട- 130 സ്‌കൂളുകള്‍, 26458 വിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡ്- 130 സ്‌കൂളുകള്‍ 51556 വിദ്യാര്‍ത്ഥികള്‍

എച്ച് . എസ്

പത്തനംതിട്ട- 166 സ്‌കൂളുകള്‍, 32,343 വിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡ്- 135 സ്‌കൂളുകള്‍, 57466 വിദ്യാര്‍ത്ഥികള്‍

ഇത്തരത്തില്‍, മറ്റു ജില്ലകളെ അപേക്ഷിച്ച് വിദ്യഭാസ മേഖലയിലും കാസര്‍ഗോഡ് ജില്ല നേരിടുന്ന അസന്തുലിതത്വം ജില്ലയുടെ പിന്നാക്കാവസ്ഥയെ ശാശ്വതീകരിക്കുന്നുണ്ട്. ഭീമമായ എണ്ണം വിദ്യാര്‍ത്ഥികളെ കുറഞ്ഞ എണ്ണം സ്‌കൂളുകളില്‍ ഇരുത്തുമ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ പ്രതിലോമകരമായി ബാധിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനു പുറമേ, ലാബ്, ലൈബ്രറി, തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലും ജില്ല വളരെ പിന്നോക്കമാണ്. അത് പ്രഭാകരന്‍ കമ്മീഷന്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളതാണ്.

മലബാറിലെ ഹയര്‍ സെക്കണ്ടറി ദുരിതം

പൊതുവെ എല്ലാ വര്‍ഷവും മലബാര്‍ ജില്ലകളില്‍ ഹയര്‍ സെക്കണ്ടറിയില്‍ ‘സീറ്റില്ലാ ‘ പരാതി മുഴങ്ങാറുണ്ട്. അതും കാസര്‍ഗോഡിനെ ബാധിക്കുന്ന കാര്യമാണ്. 2018 ല്‍ എസ്.എസ്.എല്‍.സി പാസ്സായവരില്‍ 59575 വിദ്യാര്‍ത്ഥികള്‍ ആകെ മലബാര്‍ ജില്ലകളിലായി (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) സീറ്റ് രഹിതരായിരുന്നു. അതേവര്‍ഷം മലബാറേതര മേഖലയില്‍ (പഴയ തിരു-കൊച്ചിയില്‍) 54 ഹയര്‍ സെക്കണ്ടറി ബാച്ചുകളിലായി ഏഴായിരം സീറ്റുകളുടെ ഒഴിവുകളുണ്ടായി. (പത്തനംതിട്ട -11, ആലപ്പുഴ-12, കോട്ടയം -8, ഇടുക്കി -10, എറണാകുളം -12 ).

കേരളത്തിലെ ഹയര്‍ സെക്കണ്ടറി ഓപ്പണ്‍ സ്‌കൂള്‍ പദ്ധതി തന്നെ മലബാര്‍ ജില്ലകള്‍ക്ക് വേണ്ടിയുള്ളതാണ്. 2018-2019 വര്‍ഷത്തെ 58895 ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20180 പേര്‍ മലപ്പുറത്ത് നിന്നും ബാക്കിയുള്ളവരില്‍ 90 ശതമാനവും മറ്റു മലബാര്‍ ജില്ലകളില്‍ നിന്നുമായിരുന്നു.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ കാര്യം നോക്കാം

ഒരു ഗവണ്‍മെന്റും ഒമ്പത് എയിഡഡും ചേര്‍ന്ന് പത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ആറെണ്ണമേയുള്ളൂ. അതില്‍ നാലെണ്ണം ഗവണ്‍മെന്റും രണ്ടെണ്ണം എയിഡഡുമാണ്. പത്തനംതിട്ടയേക്കാളും ജനസംഖ്യ കുറഞ്ഞ ഇടുക്കിയില്‍ എട്ട് കോളേജുകളുണ്ട്.

എഞ്ചിനീയറിംഗ് കോളേജുകളുടെ കാര്യം നോക്കാം

കാസര്‍ഗോഡ് ആകെ 3 എയിഡഡ് കോളേജുകളുള്ളപ്പോള്‍ പത്തനംതിട്ടയില്‍ 8 എണ്ണമുണ്ട്. എന്നാല്‍ ഇടുക്കിയില്‍ ഒരു ഗവണ്‍മെന്റും 5 എയിഡഡും ചേര്‍ന്ന് ആറെണ്ണവുമുണ്ട്.

(കണക്കുകള്‍ക്ക് അവലംബം: സ്റ്റേറ്റ്, പ്ലാനിംഗ് ബോര്‍ഡ് എക്കണോമിക് റിവ്യൂ 2017, സാമേതം കേരളാ സ്‌കൂള്‍ ഡാറ്റാ ബാങ്ക് https://sametham.kite.kerala.gov.in/ )

ചരിത്രപരമായി നോക്കുകയാണെങ്കില്‍, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടമില്ലാത്തതിന്റെ ഫലം കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാസര്‍ഗോഡ് മറ്റു ജില്ലകളെ അപേക്ഷിച്ച് ഇത്തരത്തില്‍ അപര്യാപ്തത അനുഭവിക്കുന്നതിന് കാരണമാകുന്നതെന്ന് പറയാം. പക്ഷേ അത് പരിഹരിക്കാന്‍ ഭരണ കര്‍ത്താക്കള്‍ ബാധ്യസ്ഥരല്ലേ. കാസര്‍ഗോഡ് നിന്ന് ചികിത്സാര്‍ത്ഥം അതിര്‍ത്തി തലപ്പാടി കടന്ന് ചീറിപ്പായുന്ന ആംബുലന്‍സുകള്‍ പോലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയും കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയെയാണ് ആശ്രയിക്കുന്നത്.

പി. പ്രഭാകരന്‍ കമ്മീഷനും കടലാസില്‍ ഒതുങ്ങുന്ന വികസന പാക്കേജും

കാസര്‍ഗോഡ് ജില്ലയുടെ വികസനം ലക്ഷ്യം വെച്ച്, സമഗ്രമായ പഠനം നടത്തി വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് 2012 ലാണ് മുന്‍ ചീഫ് സെക്രട്ടറിയും സര്‍ക്കാറിന്റെ ഉപദേഷ്ടാവുമായ പി. പ്രഭാകരന്റെ അധ്യക്ഷതയില്‍ ഒരു കമ്മീഷനെ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാന്‍ നിയോഗിക്കുന്നത്. ആറുമാസം കൊണ്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. 2012 ഒക്ടോബറില്‍ 616 പേജുള്ള റിപ്പാര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിച്ചു. അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കേണ്ട 11,123 കോടിയുടെ പദ്ധതികളാണ് കമ്മീഷന്‍ വിഭാവന ചെയ്തത്.

2013-14 മുതല്‍ 2017-18 കാലയളവ് വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടിയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ എട്ട് കഴിഞ്ഞു. ഇനിയും 10,685 കോടിയുടെ പദ്ധതികള്‍ അവശേഷിക്കുകയാണ്. ആരോഗ്യമേഖലയുടെ നവീകരണത്തിന് 216.24 കോടിയാണ് കമ്മീഷന്‍ നിശ്ചയിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്ക് 128.02 കോടിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരണത്തിന് 58.91 കോടിയും. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യം, മിശ്രമലയാളം ഇവ മൂലം പിന്നാക്കാവസ്ഥ നേരിടുന്ന കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.

കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് എം.എല്‍.എമാരാണുള്ളത്. അഞ്ചു പേര്‍ ഒരുമിച്ച് ചേര്‍ന്ന് തീരുമാനമെടുത്താല്‍ ജില്ലയെ ഉയര്‍ത്താം. പക്ഷേ രാഷ്ട്രീയം അവരെ അനുവദിക്കില്ല. ഇനി ജനങ്ങളുടെ സമയമാണ്. ജനങ്ങള്‍ കൃത്യമായ വികസന കാഴ്ചപ്പാടുകള്‍ കൈക്കൊള്ളേണ്ട സമയം. രാഷ്ടീയ മേലാളന്മാര്‍ക്കു വേണ്ടി അന്ധമായ പാര്‍ട്ടി വിധേയത്വം പുലര്‍ത്തി വാലാട്ടി നടക്കുന്നത് അവസാനിപ്പിച്ചാലേ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നേടാനാകൂ. കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ ജനപ്രതിനിധികളെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ മെനക്കെടേണ്ടിയിരിക്കുന്നു. മറ്റൊരു ഓപ്ഷനും മുന്നിലില്ല. നിഷ്‌ക്രിയത്വത്തില്‍ നിന്ന് മാറി സമര മാര്‍ഗം സ്വീകരിക്കേണ്ട സമയമാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kasaragod election analysis by Latheef Abbas Pattla

ലത്തീഫ് അബ്ബാസ് പട്‌ല

We use cookies to give you the best possible experience. Learn more