കാസര്‍കോട് ജില്ലയിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടിനോട് അനുബന്ധിച്ച് മൃഗവേട്ടയ്ക്കായി പോകവേ പിടിയിലായ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസം സൗജന്യ സേവനം നടത്തണമെന്ന വ്യവസ്ഥയോടെ. പ്രതികളെയും ബന്ധുക്കളെയും ദേവസ്ഥാനത്തിന്റെ ചുമതലക്കാരെയും വിളിച്ചുവരുത്തി മൃഗവേട്ടയ്‌ക്കെതിരെ ബോധവത്കരണം നടത്തിയശേഷമായിരുന്നു മജിസ്‌ട്രേറ്റ് ഇത്തരമൊരു വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്.
ചൊവ്വാഴ്ച പതിനൊന്നരയോടെയായിരുന്നു കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അപൂര്‍വ്വമായ ഒരു നടപടിക്രമത്തിന് സാക്ഷ്യംവഹിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തട്ടിലാണ് ഇത്തരമൊരു വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചത്. ബന്തടുക്ക പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ദിവസം ഒരു മണിക്കൂര്‍ വീതം ഒരുമാസത്തേക്ക് സൗജന്യ സേവനം ചെയ്യണമെന്നാണ് പ്രതികള്‍ക്ക് കോടതി നല്‍കിയ നിര്‍ദേശം.
വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള “ബപ്പിടല്‍” എന്ന ചടങ്ങിന്റെ പേരുപറഞ്ഞാണ് കാസര്‍കോട് ജില്ലയിലെ പലഭാഗങ്ങളിലും ഈ മൃഗവേട്ട നടത്തുന്നത്. ഈ ചടങ്ങിന്റെ പേരില്‍ ഇന്നും തുടര്‍ന്നുപോരുന്ന മൃഗവേട്ടയെക്കുറിച്ച് ഡൂള്‍ന്യൂസ് നേരത്തെ വിശദമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൃഗവേട്ടയ്ക്കായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പോയ അഞ്ചംഗ സംഘത്തെ ഫെബ്രുവരി 28ന് കാറഡുക്ക വനത്തിനു സമീപത്തുള്ള പയര്‍ള്ളത്തുനിന്ന് പിടികൂടിയിരുന്നു. കണ്ണൂര്‍ ഫോറസ്റ്റ് ഫൈയിങ് സക്വാഡ് ഡിവിഷന്‍ ഓഫീസര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ പിടികൂടിയത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് മജിസ്‌ട്രേറ്റിന്റെ ഈ ഇടപെടല്‍.
ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കോടതിയിലുണ്ടായിരിക്കണമെന്ന് ദേവസ്ഥാനത്തിന്റെ ചുമതലക്കാരോടും പ്രതികളുടെ മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും മജിസ്‌ട്രേറ്റ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം മുപ്പതോളം പേര്‍ കോടതിയില്‍ എത്തിയിരുന്നു. ജാമ്യഹരജി പരിഗണിച്ചപ്പോള്‍ ഇവരോട് മുമ്പോട്ടുവരാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
തുടര്‍ന്ന് മജിസ്‌ട്രേറ്റ് സംസാരിച്ചു. “കാരണവന്‍മാരുടെ സ്ഥാനത്ത് നില്‍ക്കുന്നവരാണ് നിങ്ങള്‍. ആചാരത്തിന്റെ ഭാഗമായിട്ടായിരിക്കാം അത് (മൃഗവേട്ട) നടക്കുന്നത്. പണ്ടുകാലത്ത് നിങ്ങളുടെ കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ വേട്ടയാടുന്ന പാരമ്പര്യവുമായി ഇതിന് ബന്ധമുണ്ടാകും. പക്ഷേ ഇപ്പോഴത്തെ നിയമവുമായി അത് പൊരുത്തപ്പെടുന്നില്ല.
നിയമം ലംഘിക്കാത്ത എന്തെങ്കിലും മാര്‍ഗം നിങ്ങള്‍ കണ്ടെത്തണം. ശരിയായ മൃഗങ്ങള്‍ക്കു പകരം ഡമ്മികളെ ഉപയോഗിക്കാം. ഓണത്തിന് തൃശൂരില്‍ പുലിക്കളി നടക്കാറുണ്ട്. അവിടെ മനുഷ്യര്‍ പുലിയുടെയും നായാട്ടുകാരുടെയും വേഷം കെട്ടുകയാണ്. ആ മാതൃക നിങ്ങള്‍ക്കും അനുകരിക്കാം. ” എന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മൃഗവേട്ടയ്ക്ക് പോകവേ ആയുധങ്ങളുമായി പിടിയിലായ അഞ്ചംഗ സംഘം
ക്ഷേത്രകമ്മിറ്റി കൂടി ഇക്കാര്യം തീരുമാനിച്ച് അറിയിക്കണമെന്ന നിര്‍ദേശവും മജിസ്‌ട്രേറ്റ് മുന്നോട്ടുവെച്ചു. രമ്യമായ പരിഹാരമുണ്ടായില്ലെങ്കില്‍ ദേവസ്ഥാനം ഭാരവാഹികളടക്കമുള്ളവര്‍ കാലങ്ങളോളം കേസ് നടത്തേണ്ടുന്ന സാഹചര്യവുമുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
” അമേരിക്കയില്‍ തോക്ക് വ്യാപകമായതുകൊണ്ട് അവിടെ അധ്യാപകരും വിദ്യാര്‍ഥികളും വരെ പരസ്പരം വെടിവെച്ച് മരിക്കുകയാണ്. അത്തരം സംസ്‌കാരം നമുക്ക് വേണ്ട.” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പുതിയ മാതൃകകള്‍ കണ്ടെത്തണമെന്നും ക്ഷേത്രകമ്മിറ്റി കൂടി ഇക്കാര്യം തീരുമാനിക്കണമെന്നുമുള്ള മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം അവിടെയുണ്ടായിരുന്നവര്‍ അംഗീകരിച്ചു. തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ ആള്‍ജാമ്യത്തിനു പുറമേ ആശുപത്രി സേവനമെന്ന വ്യവസ്ഥവെച്ചത്.
മാതൃകാപരമായൊരു നടപടിയാണ് കോടതിയുടേതെന്ന് പ്രദേശത്തെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍ അനില്‍കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് മൃഗവേട്ടയ്‌ക്കെതിരെ ഒരു സെമിനാര്‍ നടത്തിയിരുന്നു. വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള വേട്ടയാടല്‍ പ്രതീകാത്മകമായി നടത്തണമെന്നും 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കുറ്റകരമാണ് എന്നീ കാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു സെമിനാര്‍ നടത്തിയത്. എന്നാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ആളുകള്‍ വന്ന് ഇത് അലങ്കോലമാക്കി. ആചാരത്തിന്റെ ഭാഗമാണ് ഞങ്ങളുടെ അവകാശമാണ് എന്നുള്ള രീതിയിലായിരുന്നു അവരുടെ പ്രതികരണം. അത്തരമൊരു സംഭവമുണ്ടായിടത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്നെ ബോധവത്കരണം നടത്തുന്നത് ഏറെ ഗുണകരമാണ്. വിധിയ്ക്കാന്‍ മാത്രമല്ല ഇത്തരം ബോധവത്കരണങ്ങള്‍ നല്‍കാനും കോടതിക്ക് കഴിയുമെന്നുള്ളത് നല്ല മാതൃകയാണ്. ” അദ്ദേഹം അഭിപ്രായപ്പെട്ടു.
ബപ്പിടല്‍ ചടങ്ങിന് മൃഗബലിക്കു ബദലായി തേങ്ങാപ്പൂളും കനലില്‍ ചുട്ടെടുത്ത അപ്പവുമൊക്കെ പലയിടത്തും ഉപയോഗിക്കുന്നുണ്ട്, അത്തരം മാര്‍ഗങ്ങളില്‍ ഇനിയെങ്കിലും സ്വീകരിക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
“നിലവിലുള്ള നിയമത്തെ അനുസരിക്കേണ്ടതുണ്ടെന്ന് വളരെ വ്യക്തമായി കോടതി പറഞ്ഞിരുന്നു. ഒരു സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തിരുത്തേണ്ടത് സമൂഹത്തിന്റെ തന്നെ ബോധ്യത്തില്‍ നിന്നാണ്. പുതിയ കാലത്തിന്റെ സംസ്‌കാരവും നിലവിലുള്ള നിയമവും മനുഷ്യാവകാശവും മൃഗാവകാശവുമൊക്കെ നിലനിര്‍ത്തിക്കൊണ്ടാണ് ഇത് തിരുത്തേണ്ടത്. ആ ബോധം ഇതുവരെയുണ്ടായിട്ടില്ലെന്നാണ് വളരെ സങ്കടകരമായ ഒരു കാര്യം. ആ തിരുത്തലിന് കോടതിയുടെ മുമ്പിലെങ്കിലും സമൂഹം തയ്യാറായിയെന്നത് പ്രത്യാശയ്ക്കു വകനല്‍കുന്നു. ” അദ്ദേഹം ഡൂള്‍ന്യൂസിനോടു പ്രതികരിച്ചു.