ഒരു ഭാഷാ സമൂഹമെന്ന നിലയില്‍ നമ്മുടെ ആവിര്‍ഭാവ കാലം തൊട്ട് പൊതുവിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിശേഷിച്ചും നടന്നു കൊണ്ടിരിക്കുന്ന ‘മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരങ്ങള്‍’ നിര്‍ണ്ണായകമൊരു സന്ദര്‍ഭത്തെ അഭിമുഖീകരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ നമ്മളിടപെട്ടില്ലെങ്കില്‍ പിന്നീടൊരിക്കലും ഇടപെടാന്‍ സാധിക്കാത്ത വിധം നമ്മുടെ ഭാഷ മാത്രമല്ല, സമൂഹവും ജനാധിപത്യവും പ്രതിസന്ധിയിലകപ്പെടും.
ഭരണ വികേന്ദ്രീകരണത്തിന്റെ പ്രധാനപ്പെട്ട ഒരു ചുവടെന്ന നിലയില്‍ ‘കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ‘ നടപ്പിലാവുകയാണല്ലോ. കേരളാ PSC അതിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താനും തീരുമാനമായിക്കഴിഞ്ഞു. ബിരുദമാണ് അടിസ്ഥാന യോഗ്യത എന്നും പരീക്ഷാ സിലബസ് പരിഗണിക്കുന്ന വൈജ്ഞാനിക മേഖലകളും സംബന്ധിച്ച ഔപചാരിക അറിയിപ്പും വന്നു കഴിഞ്ഞു. ഇരുനൂറ് മാര്‍ക്കിന്റെ പ്രാഥമിക പരീക്ഷയും അതില്‍ യോഗ്യത നേടുന്നര്‍ക്കുള്ള തുടര്‍പരീക്ഷയുമാണുണ്ടാവുക. നിലവില്‍ കേരളാPSC ഡെപ്യൂട്ടി കലക്ടറുടെ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങളാണ് KAS നും പരിഗണിക്കുന്നത്.
ഇവിടെയാണ് കേരളത്തിലെ പൗരസമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമുള്ളത്. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പരീക്ഷകളും ഇംഗ്ലീഷിലാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് മലയാളികള്‍ക്ക് മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അതാത് ഭാഷകളിലും നടത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയവും മാതൃഭാഷാനുകൂലമാണ് . ഔദ്യോഗിക ഭാഷയായ് മലയാളത്തെ (ന്യൂനപക്ഷ ഭാഷകളെയും ) അംഗീകരിച്ച , അതിനായി ഫലപ്രദമായി ഇടപെടുന്ന സര്‍ക്കാരിന് മറിച്ചൊരു നിലപാട് സാദ്ധ്യമല്ലല്ലോ. കേരളത്തിലെ ഭരണ / പ്രതിപക്ഷ മുന്നണികളുടേയും പ്രഖ്യാപിത നിലപാട് ഇതു തന്നെയാണ്.
ഐക്യരാഷ്ട്രസഭ മുതല്‍ ഇങ്ങോട്ട് പ്രധാനപ്പെട്ട സാമൂഹ്യ സംവിധാനങ്ങളെല്ലാം മാതൃഭാഷയ്ക്ക് ഭരണത്തിലും വികസന പ്രക്രിയയിലുമുള്ള പ്രാധാന്യം അംഗീകരിച്ചിട്ടുണ്ട് . എന്നിട്ടും PSC ഈ അന്യഭാഷാശ്രിത നിലപാട് തുടരുന്നത് ദയനീയമാണ് . രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിലാണ് ബ്യൂറോക്രസി പ്രവര്‍ത്തിക്കേണ്ടതെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
നിലവില്‍ വന്ന നോട്ടിഫിക്കേഷനില്‍ ഈ പരീക്ഷയുടെ മാദ്ധ്യമം ഏതെന്ന് വ്യക്തതയില്ലെങ്കിലും നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തിയത് ഇംഗ്ലീഷിലാണെന്നാണ് മനസ്സിലാക്കുന്നത്. ബിരുദം യോഗ്യതയായ പരീക്ഷകളുടെ ഇംഗ്ലീഷിലുള്ള നടത്തിപ്പു രീതിയും നമ്മുടെ മുന്നിലുണ്ട്. സ്വാഭാവികമായും K. A. S പരീക്ഷയും ഇംഗ്‌ളീഷിലാവും നടക്കുക എന്ന് ആശങ്കപ്പെടുന്നവരെ കുറ്റപ്പെടുത്താനാവില്ല.
എന്താണ് K.A.S പരീക്ഷയുടെ പ്രാധാന്യം ?
മലയാളമടക്കം ഇന്ത്യന്‍ ഔദ്യോഗിക ഭാഷകളിലെല്ലാം IAS പരീക്ഷ എഴുതാം. ഇന്ത്യന്‍ ഭരണ സര്‍വ്വീസില്‍ പ്രാദേശിക ജനതകളുടെ താല്പര്യവും പങ്കാളിത്തവും ഉറപ്പിക്കുക എന്നതാണല്ലോ ഈ നയത്തിന്റെ താല്പര്യം. മലയാളത്തില്‍ പരീക്ഷ എഴുതി ഒരാള്‍ക്ക് ചീഫ് സെക്രട്ടറിയാകാം. അദ്ദേഹത്തിന്റെ അസിസ്റ്റന്റാവുന്ന ആള്‍ ഇംഗ്ലീഷില്‍ തന്നെ പരീക്ഷയെഴുതണം എന്നത് എന്തൊരു വിചിത്രമായ കാര്യമാണ് !
വികസിത മുതലാളിത്ത രാജ്യങ്ങളിലെല്ലാം ഭരണ സേവനത്തിന് നിശ്ചിത ശതമാനം പ്രവശ്യാ ക്വാട്ടയുണ്ട്. വികേന്ദ്രീകൃതവും ജനാധിപത്യപരവും താരതമ്യേന മെച്ചപ്പെട്ടതുമായ ഭരണ സേവനലഭ്യതയ്ക്ക് അത് വഴിയൊരുക്കും. നമ്മുടേതു പോലെ ഒരു ബഹുഭാഷാ സമൂഹത്തില്‍ അങ്ങനെയൊരു വികേന്ദ്രീകൃത സമീപനം എത്രയോ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് ഒരു സാധാരണ തൊഴില്‍ പരീക്ഷയേക്കാള്‍ പ്രാധാന്യമുണ്ട് K.A.S പരീക്ഷയ്ക്ക്. പക്ഷേ , പരീക്ഷാ മാദ്ധ്യമം ഇംഗ്ലീഷാണെങ്കില്‍ നേര്‍ വിപരീതഫലമാണ് അതുകൊണ്ടുണ്ടാവുക എന്ന കാര്യത്തിലാര്‍ക്കും സംശയം വേണ്ട.
മാതൃഭാഷാ മാദ്ധ്യമ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദലിതരും പിന്നാക്കക്കാരും തൊഴിലാളികളുമടങ്ങുന്ന ജനസാമാന്യത്തെ അധികാരത്തിന്റെ ഉന്നത പദവികളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള പുത്തന്‍ ധനികവര്‍ഗ്ഗത്തിന്റെ പ്രധാന ഉപാധിയാണ് വിദ്യാഭ്യാസത്തിലും ഭരണത്തിലും തൊഴില്‍ പരീക്ഷകളിലും തുടരുന്ന ഇംഗ്ലീഷ് ആധിപത്യം.
പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടഎക യും ഗടഡ വുമടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും തൊഴിലവകാശത്തിനും യുവജനക്ഷേമത്തിനും പ്രവര്‍ത്തിക്കുന്ന DYFI യും യൂത്ത് കോണ്‍ഗ്രസ്സുമടക്കമുള്ള യുവജന സംഘടനകളും തൊഴില്‍ പരീക്ഷകളിലെ ഈ നവവരേണ്യ വാദത്തെ തിരിച്ചറിയണം.
വിപണിയുടേയും പരസ്യത്തിന്റേയും വിനിമയ മാദ്ധ്യമമായി ഒരു പ്രയാസവുമില്ലാതെ മാതൃഭാഷ ഉപയോഗിക്കപ്പെടുന്നു. തെരെഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ അത് ഉപയോഗിക്കപ്പെടുന്ന ഭാഷ കൊണ്ട് ഭരിക്കാനാവുന്നില്ലെന്നത് ഒരു മിഥ്യാധാരണ മാത്രമാണ്.
ഒരു ജനതയുടെ ഉദ്പാദനക്രമത്തേയും സമ്പദ്ഘടനത്തേയും സാമൂഹ്യ പുരോഗതിയേയും അഭിസംബോധന ചെയ്യാത്ത ഒരു ഭാഷയും സാഹിത്യത്തിന്റെയും അനുഭൂതികളുടേയും മാത്രം ബലത്തില്‍ അതിജീവിക്കില്ല. മലയാളം കൊണ്ട് ജീവിക്കുന്ന എഴുത്തുകാരും മാദ്ധ്യമപ്രവര്‍ത്തകരും അദ്ധ്യാപകരും അതോര്‍ത്താല്‍ നന്ന്.