അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാര്‍വാര്‍ എം.എല്‍.എയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ
national news
അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാര്‍വാര്‍ എം.എല്‍.എയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2024, 5:43 pm

ബെംഗളൂരു: കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ. അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിലാണ് തടവ്.

ബെലെകെരി തുറമുഖം മുഖേന അറുപതിനായിരം കോടി രൂപയോളം മൂല്യം വരുന്ന ഇരുമ്പയിര് കടത്തിയെന്നാണ് കാര്‍വാര്‍ എം.എല്‍.എക്കെതിരായ കേസ്.

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് നടപടി. എം.എല്‍.എ സതീഷിനെയും ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ ഉള്‍പ്പെടെ ആറ് പേരെയാണ് കോടതി തടവിന് വിധിച്ചത്.

2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാനമായ ആറ് കേസുകള്‍ സതീഷ് കൃഷ്ണക്കെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസില്‍ എം.എല്‍.എ കുറ്റക്കാരനാണെന്ന് ബെംഗളൂരു കോടതി വിധിച്ചത്. പിന്നാലെ സി.ബി.ഐ എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടർന്ന് എം.എൽ.എയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ബെല്ലാരിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത ഇരുമ്പയിര് കാര്‍വാറിലെ ബെലെകെരി തുറമുഖം വഴി കടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍.

ഇത് കുറഞ്ഞ വിലയ്ക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഈ ഇനത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് മേല്‍നോട്ടം വഹിച്ച കര്‍ണാടകയില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു സതീഷ് കൃഷ്ണ സെയില്‍.

Content Highlight: Karwar MLA Satish Krishna Sail sentenced to seven years imprisonment