തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ വായ്പാ തട്ടിപ്പ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി. അനില്‍ കാന്താണ് ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്താണ് അന്വേഷിക്കുക.
കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാറാണ് കണ്ടെത്തിയത്. വായ്പാ തട്ടിപ്പ് ഗുരുതരമാണെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
100 കോടിയില്‍ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തല്‍. കൂടുതല്‍ രേഖകള്‍ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതി നിരോധന നിയമ പ്രകാരമായിരിക്കും കേസ് അന്വേഷിക്കുക. വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പും ചേര്‍ക്കും.