| Monday, 2nd December 2024, 7:15 pm

കരുവന്നൂര്‍ കേസ്; പ്രതികള്‍ കുറ്റക്കാരല്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ട്: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.ഐ.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ മാനേജര്‍ സി.കെ. ജില്‍സിനും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

കേസിന്റെ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള സാധ്യതയില്ലെന്നും കോടതി പറഞ്ഞു. 14 മാസമായി കേസിലെ രണ്ട് പ്രതികളും റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

കരുവന്നൂര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട കുറ്റങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ വിചാരണ ഇനിയും വൈകുമെന്നാണ് കോടതി നിരീക്ഷിച്ചത്.

കേസിലെ 15, 16 പ്രതികളാണ് അരവിന്ദാക്ഷനും ജില്‍സും. ജാമ്യത്തിനായി പ്രതികള്‍ രണ്ട് ലക്ഷത്തിന്റെ ബോണ്ട് കെട്ടിവെക്കണം. മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതികള്‍ ഹാജരാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ അരവിന്ദാക്ഷന്‍ ജയില്‍മോചിതനായി. തുടര്‍ന്ന് പ്രതികരണം തേടിയ മാധ്യമങ്ങള്‍ക്ക് ‘ഒരുപാട് ആഘോഷിച്ചതല്ലേ, പ്രതികരിക്കാന്‍ താത്പര്യമില്ല’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

കേസിൽ എല്ലാ തിരിമറികളും അരവിന്ദാക്ഷന്റെ അറിവോട് കൂടിയാണ് നടന്നതെന്നായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

അതിനാല്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് സാമ്പത്തിക ഇടപാടുകളെ ഇ.ഡി കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കുകയാണെന്നാണ് അരവിന്ദാക്ഷന്‍ വാദിച്ചത്.

എറണാകുളം പി.എം.എല്‍.എ കോടതി ജാമ്യ ഹരജി തള്ളിയതോടെയാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 334 കോടി രൂപ വെളുപ്പിച്ചെന്ന പേരില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷന്‍.

ജൂണില്‍ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി അരവിന്ദാക്ഷന് ഹൈക്കോടതി പത്ത് ദിവസത്ത ജാമ്യം അനുവദിച്ചിരുന്നു.

2023 സെപ്റ്റംബര്‍ 26നാണ് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യുന്നത്. ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും ഇത് ബിനാമി ഇടപാടിലൂടെ ലഭിച്ചതാണെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

Content Highlight: Karuvannur case; There are sufficient grounds to hold that the accused are not guilty: High Court

We use cookies to give you the best possible experience. Learn more