കരുവന്നൂര്‍ കള്ളപ്പണമിടപാട്; സി.പി.ഐ.എമ്മിനെ പ്രതിചേര്‍ത്ത് ഇ.ഡി; പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
Kerala News
കരുവന്നൂര്‍ കള്ളപ്പണമിടപാട്; സി.പി.ഐ.എമ്മിനെ പ്രതിചേര്‍ത്ത് ഇ.ഡി; പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 8:14 pm

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.ഐ.എമ്മിനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപറ്റിയെന്നും ഇ.ഡി പറഞ്ഞു.

പാര്‍ട്ടിയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു. വിവിധ പാര്‍ട്ടി ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയതെന്നും ഇ.ഡി അറിയിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.

പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. ബാങ്കിൽ നിന്ന് ലഭിച്ച പണം ഉപയോ​ഗിച്ചാണ് ഈ ഭൂമി വാങ്ങിയതെന്നാണ് ഇ.ഡി കണ്ടെത്തിയത്. 73 ലക്ഷത്തിന്റെ പാര്‍ട്ടി സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.

സി.പി.ഐ.എമ്മിന് പുറമേ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ചെന്ന് കണ്ടെത്തിയ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെത് ഉള്‍പ്പടെ ആകെ കണ്ടുകെട്ടിയത് 29 കോടിയുടെ സ്വത്തുക്കളാണ്. പാര്‍ട്ടിയുടെ കണ്ടുകെട്ടിയ അക്കൗണ്ടുകളും സ്വത്തുക്കളും തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരിലുള്ളവയാണെന്ന് ഇ.ഡി അറിയിച്ചു.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടിയുടെ വിവിധ പരിപാടികള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ പുതിയ നടപടി.

Content Highlight: Karuvannur case; ED against CPIM; The party’s properties were confiscated