തിരുവന്തപുരം: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.ഐ.എം മുന്‍ എം.പി പി.കെ. ബിജു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇത് ആദ്യമായാണ് ബിജുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.
ഇ.ഡി വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് പി.കെ. ബിജു മാധ്യമങ്ങളോട് പറഞ്ഞു. ഇ.ഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുവന്നൂരിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചത്. സി.പി.ഐ.എമ്മിന് കള്ളപ്പണം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സി.പി.ഐ.എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന രീതിയിലാണ് ചിലര്‍ പ്രചരണം നടത്തുന്നത്. അത്തരത്തില്‍ ഒരു രഹസ്യ അക്കൗണ്ടും പാര്‍ട്ടിക്ക് ഇല്ല. അന്വേഷണങ്ങൾ എല്ലാം പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ് അയച്ചത്. സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ അംഗമായ പി.കെ. ഷാജനോട് വെള്ളിയാഴ്ച ഹാജരാകാനും ഇ.ഡി അറിയിച്ചിട്ടുണ്ട്.
കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇപ്പോള്‍ രണ്ടാംഘട്ട അന്വേഷണമാണ് നടക്കുന്നത്. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ രണ്ടാം ഘട്ടത്തില്‍ സി.പി.ഐ.എം നേതാക്കന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്ന് ഇ.ഡി അറിയിച്ചിരുന്നു.
Content Highlight: Karuvannur case; CPIM leader P.K. Biju appeared before ED