കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ്. ഈ മാസം 31ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ബിനാമി ലോണുകള്‍ക്ക് നിര്‍ദേശം നല്‍കിയത് എ.സി മൊയ്തീനാണെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
ഒരേ വ്യക്തികള്‍ക്ക് തന്നെ പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തി കൊണ്ട് ലോണ്‍ അനുവദിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് എ.സി. മൊയ്തീന്‍ ലോണിന് ശിപാര്‍ശ ചെയ്തത്, ഇതില്‍ എന്തെങ്കിലും സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുക. കേസിലെ പ്രതിയായ ബിജു കരീമുമായി എ.സി. മൊയ്തീന്‍ നടത്തിയിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ചില ഫോണ്‍ റെക്കോഡുകളും ഇ.ഡിയുടെ കൈവശമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് ഇ.ഡി തീരുമാനമെന്നാണ് സൂചന. എ.സി. മൊയ്തീന്റെ അറിവില്ലാതെയല്ല ബാങ്കിലെ ലോണ്‍ ഇടുപാടുകള്‍ നടന്നിട്ടുള്ളതെന്നാണ് ഇ.ഡി പറയുന്നത്.
ഇന്നലെ എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇ.ഡി മരവിപ്പിച്ചിരുന്നു. വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ മൊയ്തീന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെ തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു അവസാനിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇ.ഡിയുടെ നടപടി.
15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ബിനാമികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ അക്കൗണ്ടുകളും ഇ.ഡി മരവിപ്പിച്ചിരുന്നു. ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ അമ്പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25 ഓളം അക്കൗണ്ടുമാണുള്ളത്. ബിനാമികളുമായി എം.എല്‍.എ നിരന്തരം ബന്ധപ്പെട്ടുവെന്നാണ് ഇ.ഡി. പറയുന്നത്.
മുന്‍ മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്.ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നും ഇ.ഡി. പറയുന്നു. നിലവില്‍ 150 കോടിയുടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ഇ.ഡി. കണ്ടെത്തല്‍.
Content Highlights: Karuvannur bank fraud case; ED notice to AC Moideen