| Thursday, 24th August 2023, 2:37 pm

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീന്‍ എം.എല്‍.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച് ഇ.ഡി. വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ മൊയ്തീന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെ തുടങ്ങിയ പരിശോന ബുധനാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു അവസാനിച്ചത്. പിന്നാലെയാണ് ഇ.ഡിയുടെ നടപടി.

അതേസമയം 15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിനാമി ഇടപാടുകള്‍ നടന്നത് മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്നും ഇ.ഡി. പറഞ്ഞതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ലോണ്‍ അനുവദിച്ചെന്നും പാവപ്പെട്ടവരുടെ ഭൂമി അവര്‍ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു.

ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന മൂന്നുപേരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ അമ്പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25 ഓളം അക്കൗണ്ടുമാണുള്ളത്. ബിനാമികളുമായി എം.എല്‍.എ നിരന്തരം ബന്ധപ്പെട്ടുവെന്ന് ഇ.ഡി. പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍ മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്.ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നും ഇ.ഡി. പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 150 കോടിയുടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ഇ.ഡി. കണ്ടെത്തല്‍.

മൊയ്തീന്റെ വീടിന് പുറമെ ചേര്‍പ്പില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍ സേഠ്, കണ്ണൂര്‍ സ്വദേശി സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു. ബാങ്ക് തട്ടിപ്പില്‍ 18 പേരെയാണ് ഇ.ഡി. പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.

അതേസമയം തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് പരിശോധനയും അന്വേഷണവുമെന്നാണ് ഇ.ഡി. റെയ്ഡിന് പിന്നാലെ മൊയ്തീന്‍ പ്രതികരിച്ചത്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കേസ്. നേരത്തെ, ബാങ്കില്‍ ലോണ്‍ നല്‍കുന്നതിലും വായ്പ നല്‍കുന്നതിലും ക്രമക്കേട് നടന്നെന്ന് ഇ.ഡി ആരോപിച്ചിരുന്നു. മൊയ്തീന്റെ ബന്ധുക്കളില്‍ ചിലര്‍ക്ക് കരുവണ്ണൂര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

content highlights: Karuvannur Bank Fraud Case; ED freezes bank deposits of AC Moiteen MLA worth Rs 28 lakh

We use cookies to give you the best possible experience. Learn more