| Tuesday, 26th September 2023, 3:50 pm

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സി.പി.ഐ.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ.എമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തു. ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചതാണ് അരവിന്ദാക്ഷനെതിരെയുള്ള കേസ്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ഇയാൾ. മുമ്പ്, ചോദ്യം ചെയ്യലിനിടയിൽ ഇ.ഡി ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയത് അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറുമായിരുന്നു. ഇവർ നൽകിയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി പി.സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവർ മുമ്പ് അറസ്റ്റിലായത്.

മുൻമന്ത്രി എ.സി. മൊയ്തീൻ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു. എ.സി. മൊയ്തീന്റെ വിശ്വസ്തനാണ് അറസ്റ്റിലായ അരവിന്ദാക്ഷൻ.

താൻ കള്ളനോ കൊലപാതകിയെ അല്ലെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അരവിന്ദാക്ഷൻ ഇ.ഡി ഓഫീസിലേക്ക് കൊണ്ടുവരുമ്പോൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇ.ഡി സി.പി.ഐ.എം പ്രവർത്തകരെ വേട്ടയാടുകയാണെന്ന നിലപാട് ആവർത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡി ആവശ്യപ്പെട്ട കാര്യങ്ങൾ പറയാത്തതിന്റെ പ്രതികാര നടപടിയാണ് അറസ്റ്റെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Content Highlight: Karuvannoor bank scam; PR Aravindakshan arrested by ED

We use cookies to give you the best possible experience. Learn more