'ചത്താലും വിടൂലെടാ..'; ബൗണ്ടറി ലൈനരികില്‍ കമിഴ്ന്ന് വീണു ക്യാച്ചെടുത്ത് കരുണ്‍ നായര്‍; നരെയ്‌നെ പുറത്താക്കിയ സൂപ്പര്‍ ക്യാച്ച് കാണാം
I.P.L 2018
'ചത്താലും വിടൂലെടാ..'; ബൗണ്ടറി ലൈനരികില്‍ കമിഴ്ന്ന് വീണു ക്യാച്ചെടുത്ത് കരുണ്‍ നായര്‍; നരെയ്‌നെ പുറത്താക്കിയ സൂപ്പര്‍ ക്യാച്ച് കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st April 2018, 5:51 pm

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐ.പി.എല്‍ പതിനൊന്നാം സീസണിലെ പതിനെട്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിനു 191 റണ്‍സാണെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്രിസ് ലിന്നിന്റെയും നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിങ്ങ് മികവാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

ലിന്‍ 41 പന്തില്‍ 4 സിക്‌സിന്റെയും 6 ബൗണ്ടറികളുടെയും പിന്‍ബലത്തില്‍ 74 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് 28 പന്തില്‍ 43 റണ്‍സാണെടുത്തത്. കൊല്‍ക്കത്തന്‍ നിരയില്‍ ഉപനായകന്‍ റോബിന്‍ ഉത്തപ്പയും മികച്ച പ്രകടനം പുറത്തെടുത്തു. ഉത്തപ്പ 23 പന്തുകളില്‍ നിന്ന് 34 റണ്‍സാണെടുത്തത്. അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ കൊല്‍ക്കത്തന്‍ താരം സുനില്‍ നരെയ്‌നെ പുറത്താക്കിയ കരുണ്‍ നായറിന്റെ ക്യാച്ച് ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ മുജീബ് റഹ്മാന്റെ പന്തിലാണ് കരുണ്‍ നായര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ നരെയ്‌നെ പുറത്താക്കിയത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്തുന്ന നരെയ്ന്‍ പെട്ടെന്ന് പുറത്തായത് കൊല്‍ക്കത്തന്‍ സ്‌കോറിങ്ങിന്റെ വേഗം കുറച്ചിരുന്നു. മുജീബ് റഹ്മാന്റെ പന്ത് നരെയ്ന്‍ ഉയര്‍ത്തിയടിക്കുകയായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ ഉണ്ടായ കരുണ്‍ നായര്‍ മുന്നോട്ട് ഡൈവ് ചെയ്താണ് പന്ത് കൈപ്പിടിയിലൊതുക്കിയത്.

ബൗണ്ടറി ലൈനരികില്‍ നിന്ന് മുന്നോട്ട് വീണു കരുണെടുത്ത ക്യാച്ച് ആരാധകരുടെ മനം കവരുന്നതായിരുന്നു. സീസണിലെ തന്നെ മികച്ച ക്യാച്ചുകളിലൊന്നെന്നാണ് കമന്റേറ്റേഴ്‌സ് ഇതിനെ വിശേഷിപ്പിച്ചത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക