കരുണാനിധി മറീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നത് എ.ഐ.എ.ഡി.എം.കെ നല്കിയ ഭിക്ഷ: മന്ത്രി കടമ്പൂര്‍ രാജു
national news
കരുണാനിധി മറീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നത് എ.ഐ.എ.ഡി.എം.കെ നല്കിയ ഭിക്ഷ: മന്ത്രി കടമ്പൂര്‍ രാജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 8:07 pm

ചെന്നൈ: മറീന ബീച്ചിലെ കരുണാനിധി സമാധി എ.ഐ.എ.ഡി.എം.കെയുടെ ഭിക്ഷയാണെന്ന് തമിഴ്‌നാട് വിവര സാങ്കേതിക വകുപ്പു മന്ത്രി കടമ്പൂര്‍ രാജു. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ മുഖ്യനുമായ കരുണാനിധിക്ക് മറ്റു രാഷ്ട്രീയാചാര്യന്മാരുടെയൊപ്പം മറീനാ ബീച്ചില്‍ സമാധിയൊരുങ്ങിയത് തങ്ങളുടെ മഹാമനസ്‌കത കാരണമാണെന്നാണ് മന്ത്രിയുടെ പ്രസ്താവന.

“അണ്ണാ സമാധിയുടെ സമീപത്ത് സ്ഥലം വിട്ടു നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ ഞങ്ങള്‍ എതിര്‍ക്കാതിരുന്നത് ഞങ്ങളുടെ മഹാമനസ്‌കത കൊണ്ടാണ്. കരുണാനിധി ഇന്ന് അണ്ണാ സമാധിയില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെങ്കില്‍, അത് ഞങ്ങള്‍ നല്‍കിയ ഭിക്ഷയാണ്.” രാജു പറഞ്ഞു.

അധികാരത്തിലിരിക്കേ അന്തരിച്ച മുഖ്യമന്ത്രിയല്ലാതിരുന്നിട്ടുകൂടി, കരുണാനിധിയെ അടക്കം ചെയ്യാന്‍ ഡി.എം.കെയ്ക്ക് സ്ഥലം വിട്ടുനല്‍കാന്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ തയ്യാറായെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോവില്‍പ്പട്ടിയില്‍ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പ്രസ്താവന.

 

Also Read: പെട്രോള്‍ വിലവര്‍ദ്ധന ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവറെ സന്ദര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന മേധാവി; വിഷയം തെറ്റായി ചിത്രീകരിക്കപ്പെട്ടെന്നും ആരോപണം

 

“നിലവിലെ മുഖ്യമന്ത്രിയല്ലാതിരുന്നിട്ടുകൂടി, കരുണാനിധിക്കായി ഞങ്ങള്‍ സ്ഥലം നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ഞങ്ങള്‍ എതിര്‍ത്തില്ല. സര്‍ക്കാരിന്റെ മഹാമനസ്‌കതയാണ് കരുണാനിധിയ്ക്ക് ഇടം ലഭിക്കാനുള്ള കാരണം.”

കരുണാനിധിയ്ക്ക് സമാധിയൊരുക്കാന്‍ മറീന ബീച്ചിലെ അണ്ണാ സമാധിക്കു സമീപം സ്ഥലം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. സംസ്ഥാനത്താകെ വലിയ അതിക്രമങ്ങള്‍ക്കിടയാക്കിയ ഈ നിലപാടില്‍ ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് പിന്നീട് അന്ത്യവിശ്രമസ്ഥലം തീരുമാനിക്കപ്പെട്ടത്.