ചെന്നൈ: “ഞാന്‍ വിശ്രമത്തിന് വിശ്രമം നല്‍കുകയാണ് പതിവ്” എന്നു പറഞ്ഞ നേതാവാണ് കരുണാനിധി. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് കരുണാനിധിക്കായി ഒരുക്കിയിരിക്കുന്ന ശവമഞ്ചം.
“വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു” എന്നര്‍ത്ഥം വരുന്ന വാക്കുകളാണ് ശവമഞ്ചത്തില്‍ എഴുതിയിരിക്കുന്നത്.
കരുണാനിധിയുടെ രാഷ്ട്രീയ ഗുരുവായ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനരികിലാണ് കരുണാനിധിയുടെ അന്ത്യവിശ്രമത്തിനായുള്ള സ്ഥലമൊരുക്കുന്നത്. മറീനാ ബീച്ചില്‍ അന്ത്യവിശ്രമസ്ഥലമൊരുക്കുന്നതിനെതിരെ നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ മദ്രാസ് ഹൈക്കോടതി ഡി.എം.കെയുടെ ആവശ്യം അംഗീകരിക്കുകയും കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ അനുവാദം നല്‍കുകയുമായിരുന്നു.
രാജാജി ഹാൡ പൊതുദര്‍ശനത്തിനായി വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനപ്രവാഹമാണ് 6000ത്തോളം പ്രവര്‍ത്തകരാണ് കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാന്‍ രാജാജി ഹാളിനുമുമ്പിലെത്തിയത്. തിക്കിലും തിരക്കിലും പെട്ടെന്ന് രണ്ടുപേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതിനിടെ, കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജാജി ഹാളില്‍ എത്തിയിരുന്നു. രാവിലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചശേഷം ഡി.എം.കെ നേതാവ് സ്റ്റാലിനോട് സംസാരിക്കുകയും ചെയ്താണ് മടങ്ങിയത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
നേരത്തെ, കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധി വന്നതിനു പിന്നാലെ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനു സമീപം അദ്ദേഹത്തെ സംസ്‌കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കരുണാനിധിയുടെ അന്ത്യാഭിലാഷമായിരുന്നു തന്നെ മറീന ബീച്ചില്‍ സംസ്‌കരിക്കണമെന്നത്. എന്നാല്‍ ഇതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
Also Read:കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തില്‍ തീരുമാനം രാവിലെ; ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന്
ആര്‍.എസ്.എസ് താല്‍പര്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് ഡി.എം.കെ ആരോപിച്ചത്.
മദ്രാസ് ഹൈക്കോടതിയാണ് മറീനബീച്ചില്‍ കരുണാനിധിയുടെ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി. രമേശ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.