ന്യൂദല്‍ഹി: കരുണാനിധി തനിക്ക് “അച്ഛനെപ്പോലെ” ആയിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് അയച്ച കത്തിലാണ് സോണിയ ഇങ്ങനെ പറയുന്നത്.
കരുണാനിധി തന്നോട് കാണിച്ച പരിഗണനയും സ്‌നേഹവായ്പും ഒരിക്കലും മറക്കാനാവില്ലെന്നും സോണിയ കത്തില്‍ പറയുന്നു.
തന്നെ സംബന്ധിച്ച് കലൈഞ്ജറുടെ നഷ്ടം വ്യക്തിപരമായ നഷ്ടമാണെന്നും സോണിയ കത്തില്‍ പറയുന്നു.
“ജീവിതത്തിലുടനീളം അവര്‍ സാമൂഹ്യനീതിക്കും സമത്വത്തിനും വികസനത്തിനും തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കുംവേണ്ടി അദ്ദേഹം അചഞ്ചലമായി നിലകൊണ്ടു. ” എന്നും അവര്‍ ഓര്‍ക്കുന്നു.
മികച്ച സാഹിത്യകാരന്‍ കൂടിയായ കരുണാനിധി തമിഴ്‌നാടിന്റെ മഹത്വമായ സംസ്‌കാരത്തെ സമ്പുഷ്ടമാക്കാന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
“കരുണാനിധിയുടെ മഹത്തായ പാരമ്പര്യത്തെ പരിപോഷിപ്പിക്കാനും മുന്നോട്ടുകൊണ്ടുപോകാനും താങ്കള്‍ക്ക് കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നും സ്റ്റാലിനോട് സോണിയ പറയുന്നു.
“അദ്ദേഹം ഒരുപാട് നാള്‍ ജീവിച്ചു, മനോഹരമായി ജീവിതം മുന്നോട്ടുകൊണ്ടുപോയി എന്ന ചിന്തയില്‍ ആശ്വാസം കണ്ടെത്തുക. ഇപ്പോഴദ്ദേഹം എല്ലാ വേദനകളില്‍ നിന്നും മോചിതനായിരിക്കുകയാണ്. രോഗാവസ്ഥയില്‍ അങ്ങേയറ്റം അര്‍പ്പണബോധത്തോടെ താങ്കള്‍ അദ്ദേഹത്തെ പരിചരിച്ചതുമാണ്.” എന്നു പറഞ്ഞ് സോണിയ സ്റ്റാലിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
“കലൈഞ്ജറെപ്പോലൊരാളെ നമുക്കിനി കാണാനാവില്ല. അദ്ദേഹത്തിന്റെ നഷ്ടം രാജ്യത്തിനും നമ്മുടെ ജനതയ്ക്കും വലിയ നഷ്ടം തന്നെയാണ്” അവര്‍ പറയുന്നു.