| Tuesday, 7th August 2018, 9:28 pm

ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്

ശ്രീജിത്ത് ദിവാകരന്‍

വെന്‍ട്രി, വിടുതലൈ എന്നീ വാക്കുകളാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ മുഴങ്ങി കേള്‍ക്കാറുള്ളത്. കാലത്തിന് മുമ്പേ പറന്ന രാഷ്ട്രീയമാണത്. ഇന്ത്യ മുഴുവന്‍ പിടിച്ചെടുത്ത ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തെ നാളുകള്‍ക്ക് മുമ്പ് ചെറുത്ത ദ്രാവിഡ രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യവും വിജയവും പ്രധാനവാക്കുകളായത് സ്വാഭാവികമായിരുന്നു.

മുപ്പതുകളുടെ ഒടുവില്‍ മദ്രാസ് പ്രവിശ്യയില്‍ നിര്‍ബന്ധിത ഹിന്ദി വിദ്യാഭ്യാസം കൊണ്ടുവരാനുള്ള നീക്കത്തെ ചെറുത്ത ഇ.വി രാമസ്വാമിനായ്കര്‍ എന്ന പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനത്തിലൂടെയും മലയാളിയായ ടി.എം നായര്‍, തീകാരായ ചെട്ടി, നടേശമുതലിയാര്‍ തുടങ്ങിയവര്‍ സ്ഥാപിച്ച ജസ്റ്റിസ് പാര്‍ട്ടിയിലൂടെയുമാണ് മുത്തുവേല്‍ കരുണാനിധി രാഷ്ട്രീയമാരംഭിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ഉയര്‍ന്ന് വന്ന ഹിന്ദി ഭാഷാവാദമാണ് സംഘടിത ഹിന്ദുവത്കരണത്തിന്, ആര്‍.എസ്.എസിന്റെ തന്നെ പിറവിക്ക് കാരണമാകുന്നത് എന്നോര്‍ക്കുമ്പോഴാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചെറുത്ത് നില്‍പ്പ് എത്രയോ അര്‍ത്ഥവത്തും ശരിയായ ദിശയിലുള്ളതുമാണ് എന്ന് മനസിലാകുന്നത്.

ഹിന്ദിഭാഷ പ്രസ്ഥാനം മദന്‍മോഹന്‍മാളവ്യ, ബാലഗംഗാധര തിലകന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘാടനയായി വികസിക്കുന്ന കാലത്ത് തന്നെയാണ്, ആര്‍.എസ്.എസ് രൂപം കൊണ്ട് അഞ്ച് വര്‍ഷത്തിന് ശേഷം, മദ്രാസ് പ്രസിഡന്‍സിയില്‍ സി.രാജഗോപാലാചാരിയുടെ കീഴില്‍ നിര്‍ബന്ധിത ഹിന്ദിവിദ്യാഭ്യാസം കൊണ്ടുവന്നത്. 1937 ലായിരുന്നു അത്.

ALSO READ: കരുണാനിധിയ്ക്ക് മറീന ബീച്ചില്‍ സ്മൃതി മണ്ഡപമൊരുക്കണമെന്ന് ഡി.എം.കെ; അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍

സ്വരാജ് പാര്‍ട്ടി, ദ്രാവിഡാര്‍ പാര്‍ട്ടി, ദ്രാവിഡ മുന്നേറ്റ കഴകം എന്നിങ്ങനെ വഴി തിരിഞ്ഞുവെങ്കിലും കരുണാനിധിയുടെ ഹിന്ദിവിരുദ്ധരാഷ്ട്രീയത്തിന് മാറ്റമുണ്ടായില്ല. 1940, 1950 തുടങ്ങിയ വര്‍ഷങ്ങിലെലല്ലാം ഹിന്ദിവിരുദ്ധ പ്രക്ഷോഭം തമിഴ് നാട്ടില്‍ സജീവമായിരുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്ന 1965 ജനുവരി ഇരുപത്തിയാറ് അടുത്തപ്പോഴേയ്ക്കും ഹിന്ദിവിരുദ്ധ പ്രക്ഷോഭം തമിഴ്നാടിനെ പിടിച്ച് കുലുക്കി.

അറുപതുകളുടെ ആദ്യം തമിഴ്നാട്ടില്‍ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിലാണ് യു.എ.പി.എ എന്ന കരിനിയമം നിലവില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. 1963-ല്‍ മൂന്നാം ലോകസഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പതിനാറാം ഭരണഘടന ഭേദഗതിയാണ് യു.എ.പി.എ-യ്ക്കുള്ള വഴി തുറന്നത്.

ചൈനയുദ്ധവും തമിഴ്നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഹിന്ദി വിരുദ്ധ-തമിഴ്ദേശീയ വാദവുമാണ് കേന്ദ്രസര്‍ക്കാരിനെ പുതിയ ഭരണഘടന ഭേദഗതിക്ക് പ്രേരിപ്പിച്ചത്. ജനങ്ങള്‍ക്ക് അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും സമ്മേളിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ഭരണഘടനയുടെ 19-ാം ചട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. “രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായുള്ള യുക്തിസഹമായ ചില വിലക്കുകള്‍” ഈ ചട്ടത്തില്‍ കൊണ്ടുവരാനായിരുന്നു ഭേദഗതി.

തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. മത്സരിക്കുന്നത് വിഘടനവാദമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ വിഘടനവാദം നേരത്തേ ഡി.എം.കെ ഉപേക്ഷിച്ചുവെന്നത് പല അംഗങ്ങളും ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ അവഗണിച്ചു. എന്തായാലും അന്നത്തെ പാര്‍ലമെന്ററി രേഖകള്‍ തെളിയിക്കുന്നത് അസഹിഷ്ണുതയും യുദ്ധവെറിയും നിറഞ്ഞ അതിദേശീയ ഗീതങ്ങളായിരുന്നു ഭരണഘടന ഭേദഗതി ചര്‍ച്ച എന്നാണ്.

ALSO READ: തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി; സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി

“സമൂഹത്തിന്റെ പൊതു താത്പര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള ഏതുതരത്തിലുള്ള സന്തുലതയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നുകയറാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കേണ്ടതാണ്”- ഈ ചര്‍ച്ചകളെ ഖണ്ഡിച്ചുകൊണ്ട് ഡി.എം.കെ. അംഗം ഇ.ചെഴിയന്‍ വാദിച്ചു. എന്തായാലും നിസാര എതിര്‍പ്പുകളെ അവഗണിച്ച് ഭരണഘടന ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു. ഇതിനനുബന്ധമായാണ് കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള (യു.എ.പി.എ) ബില്‍ സഭയില്‍ വയ്ക്കുന്നത്.

പതിനാലാം വയസില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ അന്നത്തെ വാഗ്മിയായ അഴഗിരിസാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ കരുണാനിധി പിന്നീട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശബ്ദമായി മാറി. തമിഴ് മാനവര്‍ മന്റം എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപവത്രിച്ച് ദ്രാവിഡ രാഷ്ട്രീയം കുട്ടികളിലും പ്രചരിച്ചു. ജനസംഖ്യയുടെ 3.3 ശതമാനം മാത്രം വരുന്ന ബ്രാഹ്മണരാണ് സര്‍ക്കാര്‍ ജോലിയുടെ സിംഹഭാഗവും കൈയ്യടിക്കിവച്ചിക്കുന്നതെന്ന ജസ്റ്റിസ്പാര്‍ട്ടിയുടെ കണക്കുകള്‍ കവിതയും ആവേശവും നിറയുന്ന പ്രസംഗങ്ങളായി കരുണാനിധിയുടെ വായില്‍ നിന്നൊഴുകി.

കല്ലുക്കുടി എന്ന ഗ്രാമത്തില്‍ സിമെന്റ് കമ്പനി ആരംഭിക്കുന്നതിന് പകരമായി നാടിന്റെ പേരുതന്നെ ഡാല്‍മിയ പുരമെന്ന് മാറ്റാനുള്ള ശ്രമങ്ങളെ എതിര്‍ത്തുള്ള പ്രക്ഷോഭത്തിലൂടെ കരുണാനിധി എന്ന രാഷ്ട്രീയക്കാരന്‍ തമിഴ്നാടിന് സുപരിചിതനായി.

ALSO READ: എം.ജി.ആറിനെ “ദ്രാവിഡനാ”ക്കിയ കലൈഞ്ജര്‍

സിനിമ തിരക്കഥകൃത്തായി ജീവിതമാരംഭിച്ച കരുണാധിനിയുടെ 1952-ലെ പരാശക്തിയെന്ന സിനിമ തമിഴ്നാടിന്റെ ചരിത്രത്തിലും ഇന്ത്യന്‍ സിനിമ ചരിത്രത്തിലും തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ബ്രാഹ്മണിസത്തോടുള്ള കൊടും വിമര്‍ശനമായി അറിയപ്പെട്ട ആ സിനിമ ശിവാജി ഗണേശന്‍, എസ്.എസ് രാജേന്ദ്രന്‍ എന്നീ മികവുറ്റ നടന്മാരേയും ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചു.

അണ്ണദുരൈയുടെ ആശീര്‍വാദത്തോടെ ജസ്റ്റിസ് പാര്‍ട്ടിയുടേയും പിന്നീട് ദ്രാവിഡര്‍ പാര്‍ട്ടിയുടേയും രാഷ്ട്രീയത്തിനുള്ള പ്രചരണായുധമാക്കി പോപുലര്‍ സിനിമകളെ കരുണാനിധി മാറ്റി. സിനിമ-രാഷ്ട്രീയം എന്നീ കാര്യങ്ങള്‍ തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത് കരുണാനിധി എന്ന കവി എഴുതിയ ഡയലോഗുകളിലൂടെ കൂടിയാണ്. അക്കാലത്തെ സിനിമകള്‍ സംസാരിച്ചിരുന്നത് ദ്രാവിഡ രാഷ്ട്രീയമായിരുന്നു.

ഹിന്ദി പോലെ തന്നെ ഇന്ത്യയിലെ ഹൈന്ദവ ജനതയെ ഒന്നിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ഉപയോഗിച്ച മറ്റൊരു ആയുധമായിരുന്ന “രാമ സങ്കല്പ”ത്തേയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയവും തള്ളിക്കളഞ്ഞു. രാമന്‍ വെറും സങ്കല്പമാണ് എന്ന് കരുണാനിധി പലവട്ടം ആവര്‍ത്തിച്ചു. രാവണനെ നിന്ദിക്കുന്നത് ദ്രാവിഡ രാഷ്ട്രീയത്തെ നിന്ദിക്കലാണെന്ന് ഉറപ്പിച്ചു പറഞ്ഞു.

രാമ സങ്കല്പത്തിന് ബദലായി ദ്രാവിഡരുടെ രാവണ സങ്കല്പത്തെ കരുണാനിധി ആവര്‍ത്തിച്ച് പ്രതിഷ്ഠിച്ചു. രാമസേതുവിന്റെ പേരില്‍ തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അതിഹൈന്ദവ രാഷ്ട്രീയത്തെ മുളയിലേ നുള്ളി.

ഉടല്‍ മണ്ണുക്ക്, ഉയര്‍ തമിഴുക്ക്, അത് ഉറക്കെ ചൊല്‍കോര്‍ ഉലകുക്ക് എന്ന മുദ്രവാക്യത്തിലൂടെയാണ് പിന്നീട് ഇരുവര്‍ എന്ന ചലിച്ചിത്രത്തിലൂടെ കരുണാനിധി-എം.ജി.ആര്‍-ജയലളിത രാഷ്ട്രീയത്തിന്റേയും സിനിമകളുടെയും ചരിത്രം മണിരത്നം അവതരിപ്പിച്ചപ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളര്‍ച്ചാ കാലത്തെ സൂചിപ്പിച്ചത്. ഉയിരും ഉടലും തമിഴിന് നല്‍കി തന്നെയാണ് കരുണാനിധി വിടവാങ്ങുന്നത്. അത് ഉറക്കെ പറഞ്ഞുതന്നെയുമാണ്. സിനിമയേതാണ് ജീവിതമേതാണ് രാഷ്ട്രീയമേതാണ് എന്ന് വേര്‍തിരിക്കാനാവാത്ത വിധം പരസ്പര ബന്ധിതമായ ഒരു കാലഘട്ടം കൂടിയാണ് ഇന്ന് വൈകിട്ട് ചെന്നൈയില്‍ അസ്തമിച്ചത്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more