| Tuesday, 7th August 2018, 7:29 pm

എം.ജി.ആറിനെ 'ദ്രാവിഡനാ'ക്കിയ കലൈഞ്ജര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഴിഞ്ഞ 50 വര്‍ഷക്കാലമായി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ എല്ലാമായിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെയാണ് എം.കരുണാനിധിയുടെ മരണത്തോടെ തമിഴകത്തിന് നഷ്ടമായത്. 1969 ജൂലായ് 27-നാണ് കലൈഞ്ജര്‍ ഡി.എം.കെ.യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി നേതൃത്വത്തിലേക്ക് വി.ആര്‍. നെടുഞ്ചെഴിയനും കരുണാനിധിക്കും ഇടയില്‍ വടംവലിയുണ്ടായതോടെ കരുണാനിധി പ്രസിഡന്റും നെടുഞ്ചെഴിയന്‍ ജനറല്‍ സെക്രട്ടറിയുമാവുകയായിരുന്നു.

ശേഷം നെടുഞ്ചെഴിയന്‍ എം.ജി.ആറിനൊപ്പം പോയെങ്കിലും ഡി.എം.കെയെ ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ട് നയിച്ചത് കരുണാനിധിയെന്ന നേതാവായിരുന്നു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തി രണ്ട് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ച് കരുണാനിധിയുടെ നേതൃത്വത്തില്‍  ഡി.എം.കെ. കരസ്ഥമാക്കിയത് 184 സീറ്റുകള്‍.

എന്നാല്‍ ഇതിനുശേഷം എം.ജി.ആര്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ പിളര്‍പ്പ് കരുണാനിധിയെ ഞെട്ടിച്ചു. എം.ജി.ആര്‍. എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയവും ഒപ്പം ദേശീയ രാഷ്ട്രീയവും സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത രാഷ്ട്രീയ മത്സരമാണ്. അധികം വൈകാതെ ഡി.എം.കെയ്ക്ക് അധികാരം നഷ്ടമായി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പ് വിജയിച്ച് (1977) എം.ജി.ആറിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തിലേറി.

ALSO READ: മാതൃഭൂമിക്ക് പിന്തുണ, ഹൈന്ദവ തീവ്രവാദ ഭീഷണിക്ക് മാധ്യമ സ്വാതന്ത്ര്യം അടിയറവയ്ക്കരുത്

തുടര്‍ന്ന് 12 വര്‍ഷം അധികാരം നഷ്ടപ്പെട്ടെങ്കിലും ഡി.എം.കെയെ താങ്ങിനിര്‍ത്തിയത് കരുണാനിധിയുടെ നേതൃപാടവമായിരുന്നു. അഞ്ച് തവണായാണ് കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായത്. 2011 ലാണ് ഏറ്റവും അവസാനം സംസ്ഥാന ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്തത്. 13 തവണ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1996 മുതല്‍ കേന്ദ്രത്തിലും നിര്‍ണായക ശക്തിയായിരുന്നെങ്കിലും 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാനായില്ല. 2016-ല്‍ ജയലളിത ഭരണത്തുടര്‍ച്ച നേടുകയും ചെയ്തു.

നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി 1924 ലാണ് കരുണാനിധിയുടെ ജനനം.

സ്‌കൂള്‍ കാലത്തുതന്നെ നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി.

ALSO READ: താടി വളര്‍ത്തിയ നീ ജിഹാദിയല്ലേ; പാലക്കാട് യുവാവിന് നേരേ ലൗ ജിഹാദ് ആരോപിച്ച് ആര്‍.എസ്.എസ് ആക്രമണം

വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കഴകമായി മാറി.

കുട്ടിക്കാലത്തു തന്നെ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു.

ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. എങ്കിലും ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡന്‍ ആശയങ്ങളിലേക്കാകര്‍ഷിച്ചത് കരുണാനിധിയായിരുന്നു.

അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തില്‍ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സേലം മോഡേണ്‍ തിയേറ്റേഴ്‌സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തില്‍ 1949 ല്‍ മോഡേണ്‍ തിയേറ്റേഴ്‌സില്‍ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി. 75 സിനിമകള്‍ക്ക് തിരക്കഥയൊരുക്കി.

ALSO READ: പിടിച്ച് അകത്തിടാനുള്ള പണിയാണ് നിങ്ങള്‍ ചെയ്തത്; അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയവരോട് സുപ്രീംകോടതി

അതേസമയം ഡി.എം.കെയുടെ അമരത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ അതേവര്‍ഷത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ മരണമെന്നതും ശ്രദ്ധേയമാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍മൂലം പാര്‍ട്ടിയുടെ നിയന്ത്രണം മകനും തമിഴ്നാട് പ്രതിപക്ഷനേതാവുമായ സ്റ്റാലിനെ ഏല്‍പ്പിച്ചെങ്കിലും ഡി.എം.കെയെന്നാല്‍ കരുണാനിധിയാണ് പ്രവര്‍ത്തകര്‍ക്കും തമിഴകത്തിനും.

We use cookies to give you the best possible experience. Learn more