കൊല്ലം: അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നല്‍കിയ ഹരജി തള്ളി. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്.
അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയ്ല്‍ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ പുസ്തകവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ കരുനാഗപ്പള്ളി സ്വദേശി എസ്. രാജേഷാണ് ഹരജി നല്‍കിയത്. കൈരളി, മാധ്യമം, മീഡിയവണ്‍, തേജസ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയായിരുന്നു കേസ്.
ഹരജി ക്രിമിനല്‍ ചട്ടപ്രകാരം നിലനില്‍ക്കുന്നതല്ലെന്നും സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് സി. ദീപു വ്യക്തമാക്കി. ട്രെഡ്‌വെല്‍ എഴുതിയ പുസ്തകത്തിന്റെ സാരാംശങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നതിനും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും ഇത്തരം വാര്‍ത്തകള്‍ കാരണമാകുമെന്നത് ഹരജിക്കാരന്റെ ഉത്കണ്ഠ മാത്രമാണെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം ഇതിന്റെ തുടര്‍ച്ചയാണെന്നും കോടതി നിരീക്ഷിച്ചു.കുറ്റാരോപിതര്‍ ഗൂഢാലോചന നടത്തിയെന്നതും കോടതി തള്ളിക്കളഞ്ഞു. അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജാണ് ഹരജിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്.
അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍, ഇബ്‌സെന്‍, വെറ്റില്‍ ട്രീപ്രെസ്, മാധ്യമം, മീഡിയവണ്‍, തേജസ് ദിനപത്രം, മലയാളം കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ മമ്മൂട്ടി, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി പീപ്പിള്‍ ചാനല്‍ ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, ടി. ആരിഫലി, ചെറിയാന്‍ ഫിലിപ്, രവി ഡി.സി തുടങ്ങിയ 15 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയായിരുന്നു ഹരജി നല്‍കിയിരുന്നത്.
ഉണ്ട്, പുസ്തകം വൈകിയതിന് മറുപടി: ഗെയ്ല്‍ ട്രെഡ്‌വെല്‍ സംസാരിക്കുന്നു