കൊല്ലം: വയനാടിന് പിന്നാലെ കൊല്ലം ജില്ലാ ഘടകത്തിലും ബി.ജെ.പിയില്‍ പൊട്ടിത്തെറി. കരുനാഗപ്പള്ളി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയില്‍ വീണ്ടും വിവാദം ഉയര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പിനായി ലഭിച്ച തുക കരുനാഗപ്പള്ളിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും ചില നേതാക്കളും ചേര്‍ന്ന് തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതിന് പിന്നാലെ നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബി.ജെ.പി. അംഗത്വം രാജിവെച്ചു.
ഫണ്ട് തിരിമറിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ പാര്‍ട്ടി അംഗത്വം രാജിവെക്കുമെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലം ജില്ലയിലെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലം ചാത്തനൂര്‍ ആയിരുന്നെങ്കിലും കരുനാഗപ്പള്ളിയിലും ബി.ജെ.പിക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. അതിനാല്‍ ചാത്തന്നൂരില്‍ എത്തിയതിന് സമാനമായ രീതിയില്‍ കരുനാഗപ്പള്ളിയിലും തെരഞ്ഞെടുപ്പ് ഫണ്ട് എത്തി.
എന്നാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയും ഭര്‍ത്താവും ചില നേതാക്കളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്. ഒപ്പം ഒരു വിഭാഗം നേതാക്കള്‍ വോട്ട് മറിച്ചതായും ആരോപണമുണ്ട്.
12144 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് മണ്ഡലത്തില്‍ നേടാനായത്. കരുനാഗപ്പള്ളി മണ്ഡലത്തില്‍ മാത്രമല്ല, കൊല്ലത്തെ ബാക്കി 10 മണ്ഡലങ്ങളിലും വലിയ തുക തെരഞ്ഞെടുപ്പ് ഫണ്ടായി എത്തുന്നുണ്ടെന്നും രാജി രാജ് പറയുന്നു.
ഈ സംഭവത്തില്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും രാജി രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കോഴ വിവാദം കനക്കുന്നതിനിടെ വയനാട് ബി.ജെ.പിയിലും പ്രതിസന്ധി തുടരുകയാണ്. കോഴ വിവാദത്തില്‍ സംസ്ഥാനത്തെ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്ന വയനാട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാര്‍ എന്നിവരെ വയനാട് ജില്ലാ കമ്മിറ്റി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്താക്കിയതിന് പിന്നാലെ നിരവധി ഭാരവാഹികള്‍ രാജിവെച്ചു.
നേതൃത്വത്തിനെതിരായ പ്രതിഷേധ സൂചകമായി വയനാട് ബി.ജെ.പിയില്‍ നിന്ന് നിരവധി പേര്‍ ഇന്നും രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.