| Thursday, 3rd October 2019, 11:26 pm

അമൃതാനന്ദമയി മഠത്തിന്റെ കൈവശമുള്ള അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കും; തീരുമാനം പാസാക്കി അലപ്പാട് പഞ്ചായത്ത് കമ്മറ്റി 

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കരുനാഗ പ്പള്ളിയില്‍ അമൃതാനന്ദ മയി മഠത്തിന്റെ കൈവശമുള്ള അമൃത പുരിയിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കാനൊരുങ്ങി ആലപ്പാട്ട് പഞ്ചായത്ത്.

ഇത് സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് അംഗങ്ങള്‍ ഐക്യകണ്‌ഠേനെ പാസാക്കി.

പഞ്ചായത്തിലെ ധനകാര്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി ടി ദിലീപ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

12 ഫ്‌ളാറ്റുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. സി. ആര്‍. ഇസെഡ് നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണ് ഈ ഫ്‌ളാറ്റുകള്‍ എന്നും ദിലീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ്, ബി. ജെ. പി, സി. പി. ഐ. എം പാര്‍ട്ടിയില്‍ നിന്നുള്ള പഞ്ചായത്ത് അംഗങ്ങള്‍ ഉള്ള കമ്മറ്റിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്-  മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുമെന്നും ദിലീപ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ മുമ്പ് ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2004 ല്‍ ഉണ്ടായ സുനാമിയില്‍ രേഖകള്‍ നശിച്ചു പോയെന്നായിരുന്നു മഠത്തിന്റെ അവകാശവാദം.

അമൃതാനന്ദമയി മഠത്തിന്റെ ആശ്രമ ഭൂമി അടക്കം കണ്ടുകെട്ടാന്‍ നേരത്തെ  തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയതും കൈവശം വെച്ചതും അടക്കമുള്ള നിയമലംഘനങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു നോട്ടീസ്.

കരുനാഗപ്പള്ളി തഹസില്‍ദാരായിരുന്നു    അമൃതാനന്ദ മയി മഠം 204 ഏക്കര്‍ ഭൂമി അധികമായി കൈവശം വെച്ചിരിക്കുന്നെന്നും. ഈ ഭൂമി ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമാക്കണ മെന്നും കാണിച്ച് നോട്ടീസ് നല്‍കിയത്.

വിവിധ സംഘടനകളുടെ പരാതിയില്‍ റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഭൂമിയും സ്ഥലവും അനധികൃതമായി വാങ്ങിയത് കണ്ടെത്തിയത്. തുടര്‍ന്ന് തഹസില്‍ദാര്‍ സെക്രട്ടറിയായ താലൂക്ക് ലാന്ഡ് ബോര്‍ഡ് മഠം അധികൃതരെ വിളിച്ചുവരുത്തി ഭൂമിയുടേയും നിലത്തിന്റേയും കണക്കുകള്‍ ആവശ്യപ്പെട്ടു.

2004ന് ശേഷം അദി നാട്, കുല ശേഖര പുരം, കരുനാഗ പ്പള്ളി വില്ലേജുകളില്‍ വാങ്ങിയ സ്ഥലത്തെ കുറിച്ചാണ് റവന്യൂ വിഭാഗം അന്വേഷിച്ചത്. മുമ്പ് 2002- 2005 കാലത്ത് വള്ളിക്കാവിലെ അമൃത എന്‍ജിനീയറിങ് കോളജിന് ഭൂമി വാങ്ങാന്‍ ട്രസ്റ്റിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠം വന്‍ തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കു വരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുണ്ട്.

2014  ജനുവരിയില്‍ ലഭിച്ച വിവരാവകാശ രേഖ പ്രകാരം ക്ലാപ്പന വില്ലേജില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ളത് അമൃതാനന്ദ മയി മഠത്തിനാണ്. വില്ലേജില്‍ വാങ്ങിയ ഭൂരിഭാഗം നിലവും നികത്തുകയും ചെയ്തു. നിലം നികത്തുന്നതിന് എതിരെ സ്റ്റോപ്പ് മെമ്മോ നടന്നെങ്കിലും ഫലമുണ്ടായില്ല.

2009- ല്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്‌മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡി. വൈ. എഫ്‌. ഐ നേതാവ് വിജേഷ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി നികുതി ഈടാക്കുവാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ 2015 ല്‍ ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ നികുതിയില്‍ ഇളവ്  നല്‍കി മാനേജ്‌മെന്റിനെ സഹായിച്ചു.  ഇതിന് എതിരെയും വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more