കോഴിക്കോട്: വിവാദമായ മെഡിക്കല്‍ പ്രവേശന ക്രമക്കേട് ക്രമീകരണ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു. ആരോഗ്യ നിയമ വകുപ്പുകളുടെ പരിശോധനക്ക് ശേഷമാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചത്. പുനഃപരിശോധിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ബില്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ അപ്പോള്‍ ആലോചിച്ചു തീരുമാനിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണ.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ 2016-17 അധ്യയനവര്‍ഷത്തില്‍ പ്രവേശം നേടിയ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവേശം നേടിയ ഇവരുടെ അഡ്മിഷന്‍ സാധൂകരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഓര്‍ഡിനന്‍സ് സുപ്രീംകോടതി തള്ളുമെന്ന് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ ബില്ലാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്.
ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം മെഡിക്കല്‍ ബില്‍ പ്രശ്‌നം കാര്യമായി ചര്‍ച്ച ചെയ്തില്ല. കാലാവധി തീരുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു പിരിയുകയായിരുന്നു.
ആരോഗ്യസെക്രട്ടറിയും നിയമസെക്രട്ടറിയും മുഖ്യമന്ത്രിയും പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ക്ക് ബില്‍ കൈമാറിയത്. എന്നാല്‍ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയതെന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍ നിലനില്‍ക്കെ സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ വിദ്യാര്‍ത്ഥി പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍ മടക്കി അയച്ചാല്‍ ചരിത്രത്തിലെ തന്നെ അസാധാരണ സംഭവമായി ഇത് മാറുകയും ചെയ്യും.
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാടും സര്‍ക്കാരിന് വരും നാളില്‍ പ്രതിസന്ധിയുണ്ടാക്കും.