ഐ.പി.എല്ലില്‍ ഇനിയങ്ങോട്ടുള്ള മത്സരത്തില്‍ മലയാളി താരം കരുണ്‍ നായരും ടീമിനൊപ്പം ഉണ്ടാകുമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം മുതല്‍ തുടര്‍ന്നങ്ങോട്ടും കരുണ്‍ ടീമിനൊപ്പമുണ്ടാകുമെന്നും സഞ്ജു പറയുന്നു.
റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ കരുണിന് പകരം ഡാരന്‍ മിച്ചലിന് അവസരം കൊടുക്കുകയായിരുന്നുവെന്നും സഞ്ജു പറയുന്നു.
”ഡ്രസിങ് റൂം അന്തരീക്ഷം ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ആര്‍ക്കെതിരെ കളിക്കുന്നു എന്നതിനെ സംബന്ധിച്ചും ഏത് പിച്ചില്‍, വിക്കറ്റില്‍ കളിക്കുന്നു എന്നതിനെ സംബന്ധിച്ചും ടീമില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്, അതില്‍ തന്നെ ടീമിനിടയിലെ കമ്മ്യൂണിക്കേഷനും പ്രധാനമാണ്.
ഉദാഹരണത്തിന് കരുണിന് ഈ മത്സരത്തില്‍ കളിക്കാനായില്ല, കാരണം ഡാരല്‍ മിച്ചലിന്റെ ഒരോവര്‍ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. അത് മനസ്സിലാക്കിയതില്‍ അവന് ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്. ഇനി വരും മത്സരങ്ങളില്‍ അവന്‍ തിരിച്ചെത്തും,’ സഞ്ജു പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു രാജസ്ഥാനിലെ ഓരോ താരങ്ങളും പുറത്തെടുത്തത്. ബാറ്റിംഗില്‍ പാളിപ്പോയെങ്കിലും ബട്‌ലറും ഹെറ്റ്‌മെയറും ഫീല്‍ഡിംഗില്‍ തിളങ്ങിയിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ബൗളര്‍മാരുടെ മത്സരമായിരുന്നു ആര്‍.സി.ബിക്കെതിരെ കണ്ടത്. താരതമ്യേന ചെറിയ സ്‌കോര്‍ ആയിട്ടുകൂടിയും ബൗളര്‍മാരുടെ മികവിലാണ് രാജസ്ഥാന്‍ മത്സരം പിടിച്ചെടുത്തത്.
യുവതാരം കുല്‍ദിപ് സെന്നും പ്രസിദ്ധ് കൃഷ്ണയും വെറ്ററന്‍ സ്റ്റാര്‍ സ്പിന്നര്‍ അശ്വിനുമാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. കുല്‍ദിപ് നാല് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റുമായിരുന്നു സ്വന്തമാക്കിയത്. അശ്വിന്‍ മൂന്ന് വിക്കറ്റും പിഴുതെറിഞ്ഞു.
വിക്കറ്റുകളൊന്നും കിട്ടിയില്ലെങ്കിലും ചഹലും ബോള്‍ട്ടും മികച്ച രീതിയില്‍ തന്നെയാണ് പന്തെറിഞ്ഞത്. ഇതോടെ 29 റണ്‍സിന് ബെംഗളൂരുവിനെ തകര്‍ക്കാനും രാജസ്ഥാനായി. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
ശനിയാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.