| Thursday, 29th August 2024, 12:41 pm

എനിക്ക് ഇന്ത്യക്കായി വീണ്ടും കളിക്കണം: ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമൻ പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ശ്രദ്ധ നേടിയ താരമാണ് കരുണ്‍ നായര്‍. 2016ല്‍ ആയിരുന്നു കരുണ്‍ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. നീണ്ട വര്‍ഷക്കാലം ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കരുണിന് സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ ഇന്ത്യക്കായി വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കരുണ്‍. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കരുണ്‍.

‘കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ ഫോര്‍മാറ്റുകളിലുമായി ഞാന്‍ ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്. എനിക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ചെയ്യുന്നത് എന്താണോ അത് തുടരാനാണ് ശ്രമിക്കുന്നത്. എല്ലാ ദിവസവും പുതിയ അവസരമായി ഞാന്‍ കണക്കാക്കുന്നു. എല്ലാവരും ക്രിക്കറ്റ് കളിക്കുന്നത് സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനാണ്. അതാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ഒരേയൊരു ലക്ഷ്യം. ഇന്ത്യക്കായി വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ്. എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് വളരെയധികം ആത്മവിശ്വാസമുണ്ട്,’ കരുണ്‍ നായര്‍ പറഞ്ഞു.

2016ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ചത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 303 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്.

32 ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനും കരുണിന് സാധിച്ചിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്കായി വെറും ആറ് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമേ കരുണിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കളിച്ചിട്ടില്ല. 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്ക് വേണ്ടിയായിരുന്നു കരുണ്‍ കളിച്ചിരുന്നത്. 690 റണ്‍സായിരുന്നു താരം കഴിഞ്ഞ സീസണില്‍ നേടിയത്. വിദര്‍ഭയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ കരുണ്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട് വിദര്‍ഭക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

Content Highlight: Karun Nair Talks About Come Back Of Test Cricket in Indian Team

We use cookies to give you the best possible experience. Learn more