Cricket
ഓരോ ദിവസവും ഉണരുമ്പോഴുള്ള എന്റെ സ്വപ്നമാണത്: ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് മലയാളി താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 20, 05:51 am
Tuesday, 20th August 2024, 11:21 am

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ശ്രദ്ധ നേടിയ താരമാണ് കരുണ്‍ നായര്‍. കരുൺ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2016ൽ ആയിരുന്നു. നീണ്ട ഏഴു വര്ഷങ്ങളായി ഇന്ത്യൻ റെഡ് ബോള് ടീമിൽ ഇടം നേടാൻ കരുണിന്‌ സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം. ഇ. എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ സംസാരിക്കുകയായിരുന്നു മലയാളി താരം.

‘ഞാന്‍ ഓരോ ദിവസവും ഉണരുമ്പോള്‍ ടെസ്റ്റ് കളിക്കാനുള്ള സ്വപ്നത്തെക്കുറിച്ചാണ് ചിന്തിക്കാറ്. ഇത് എന്നെ എപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നു. ട്രോഫികള്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞവര്‍ഷം രഞ്ജിയില്‍ ഞങ്ങള്‍ക്ക് കിരീടം നഷ്ടമായി, എന്നാല്‍ ഈ വര്‍ഷം അത് തിരുത്താന്‍ ഞാന്‍ ശ്രമിക്കും.

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ഞാന്‍ ഇത്രയധികം റണ്‍സ് നേടണമെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അത് നേടിയെടുക്കുമായിരുന്നു. ഒരു വര്‍ഷത്തോളം ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. ആ സമയങ്ങളില്‍ എനിക്ക് കളിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ക്രിക്കറ്റില്‍ ഇനി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ സ്വയം എന്നോട് തന്നെ ചോദിച്ചു,’ കരുണ്‍ നായര്‍ പറഞ്ഞു.

2016ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 303 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്.

32 ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ വീരേന്ദർ സെവാഗിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനും കരുണിന് സാധിച്ചിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്കായി വെറും ആറ് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമേ കരുണിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കളിച്ചിട്ടില്ല. 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്ക് വേണ്ടിയായിരുന്നു കരുണ്‍ കളിച്ചിരുന്നത്. 690 റണ്‍സായിരുന്നു താരം കഴിഞ്ഞ സീസണില്‍ നേടിയത്. എന്നാല്‍ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട് വിദര്‍ഭക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

 

Content Highlight: Karun Nair Talks About Come Back Of Test Cricket