Sports News
ചാമ്പ്യന്‍സ് ട്രോഫിയല്ല ലക്ഷ്യം; വെളിപ്പെടുത്തലുമായി കരുണ്‍ നായര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 30, 05:55 am
Thursday, 30th January 2025, 11:25 am

അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കരുണ്‍ നായരെ തെരഞ്ഞെടുത്തില്ലായിരുന്നു. അടുത്തിടെ ആഭ്യന്തര റെഡ് ബോള്‍ മത്സരത്തില്‍ വമ്പന്‍ പ്രകടനങ്ങളുമായി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചരുന്നു.

അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി 2017ലാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളിലെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 374 റണ്‍സും 303 റണ്‍സിന്റെ ഉയര്‍ന്ന് സ്‌കോറും നേടാന്‍ താരത്തിന് സാധിച്ചിരുന്നു. ഒരു സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടെ 62.33 എന്ന ആവറേജിലാണ് താരം ബാറ്റ് വീശിയത്. ഇപ്പോള്‍ താരം തന്റെ ലക്ഷ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പരിഗണിക്കാത്തതില്‍ പ്രശ്‌നമില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് തനിക്ക് ആഗ്രഹമെന്നും കരുണ്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള എന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് സ്വപ്നങ്ങളുണ്ടാകാം, ഞാന്‍ യഥാര്‍ത്ഥത്തില്‍ അത് നേടുമോ എന്ന് എനിക്കറിയില്ല. എനിക്ക് ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം. ഇത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള പരാമര്‍ശത്തെക്കുറിച്ചോ പരിഗണിക്കുന്നതിനെക്കുറിച്ചോ ഞാന്‍ ചിന്തിച്ചിരുന്നില്ല,’ കരുണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ എട്ട് ഇന്നിങ്സുകളില്‍ നിന്ന് 779 റണ്‍സാണ് നായര്‍ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 110 മത്സരത്തിലെ 175 ഇന്നിങ്‌സില്‍ നിന്ന് 7680 റണ്‍സാണ് താരം നേടിയത്. 20 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എയില്‍ 107 മത്സരത്തിലെ 97 ഇന്നിങ്‌സില്‍ നിന്ന് 3128 റണ്‍സും 163 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിരുന്നു. എട്ട് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Karun Nair Talking About His Aim In Indian Cricket