| Friday, 3rd January 2025, 10:09 pm

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചവന്‍ 50 ഓവറില്‍ 'പുറത്താകാതെ 542'; ചരിത്രം കുറിച്ച് കരുണ്‍ നായര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്ര നേട്ടവുമായി വിദര്‍ഭ നായകന്‍ കരുണ്‍ നായര്‍. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് കരുണ്‍ നായര്‍ തിളങ്ങിയത്. മത്സരത്തില്‍ സെഞ്ച്വറിയടിച്ച് കരുണ്‍ നായര്‍ വിദര്‍ഭയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു വിദര്‍ഭയുടെ വിജയം. ക്യാപ്റ്റന്‍ സമീര്‍ റിസ്വിയുടെ സെഞ്ച്വറി കരുത്തില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16 പന്ത് ബാക്കി നില്‍ക്കെ വിദര്‍ഭ മറികടന്നു. ഓപ്പണര്‍ യാഷ് റാത്തോഡിന്റെയും കരുണ്‍ നായരുടെയും കരുത്തിലാണ് വിദര്‍ഭ വിജയിച്ചുകയറിയത്.

വിദര്‍ഭയ്ക്കായി യഷ് റാത്തോഡ് 104 പന്തില്‍ പുറത്താകാതെ 138 റണ്‍സ് നേടി. 101 പന്ത് നേരിട്ട് 112 റണ്‍സാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്.

എന്നാല്‍ പുറത്താകും മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. ലിസ്റ്റ് എ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ പുറത്താകാതെ തുടര്‍ച്ചയായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലേക്കാണ് കരുണ്‍ നായരെത്തിയത്. ഉത്തര്‍പ്രദേശിനെതിരെ 97 റണ്‍സ് നേടിയതിന് പിന്നാലെയാണ് വിദര്‍ഭ നായകനെ തേടി ഈ റെക്കോഡ് നേട്ടമെത്തിയത്.

ടൂര്‍ണമെന്റില്‍ ഇതിന് മുമ്പ് ബാറ്റ് ചെയ്ത നാല് മത്സരത്തിലും കരുണ്‍ നായര്‍ നോട്ട് ഔട്ടായിരുന്നു. തമിഴ്‌നാടിനെതിരെ തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സാണ് താരം സ്വന്തമാക്കിയത്. ചണ്ഡിഗഡിനെതിരെ പുറത്താകാതെ 163 റണ്‍സ് നേടിയ താരം ഛത്തീസ്ഗഡിനെതിരെ 44* റണ്‍സും ജമ്മു കശ്മീരീനെതിരെ 112* റണ്‍സും സ്വന്തമാക്കി.

നേരത്തെ മുംബൈക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് കരുണ്‍ നായര്‍ ഇതിന് മുമ്പ് പുറത്തായത്. ഈ രണ്ട് ഡിസ്മിസ്സലുകള്‍ക്കിടയില്‍ താരം അടിച്ചുനേടിയതത് 542 റണ്‍സാണ്.

പുറത്താകാതെ തുടര്‍ച്ചയായി ഏറ്റവുമധികം ലിസ്റ്റ് എ റണ്‍സ് നേടിയ താരങ്ങള്‍

(താരം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

കരുണ്‍ നായര്‍ – 542 – 2024-25

ജെയിംസ് ഫ്രാങ്ക്‌ളിന്‍ – 527 – 2010

ജോഷ്വ വാന്‍ ഹീര്‍ഡെന്‍ – 512 – 2022

ഫഖര്‍ സമാന്‍ – 455 – 2018

തൗഫീഖ് ഉമര്‍ – 422 – 2002

അതേസമയം, കളിച്ച അഞ്ച് മത്സരത്തിലും പരാജയമറിയാതെ വിദര്‍ഭ ഗ്രൂപ്പ് ഡി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്താണ്. 20 പോയിന്റാണ് ടീമിനുള്ളത്.

ജനുവരി അഞ്ചിനാണ് വിദര്‍ഭയുടെ അടുത്ത മത്സരം. ദുര്‍ബലരായ മിസോറാമാണ് എതിരാളികള്‍. ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനത്താണ് മിസോറാം.

Content Highlight: Karun Nair sets a new record for most List A runs without being dismissed

We use cookies to give you the best possible experience. Learn more