കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ ട്രിപ്പിള്‍ സെഞ്ചൂറിയന്‍ കരുണ്‍ നായര്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍താംപ്ടണ്‍ഷെയറിന് വേണ്ടിയാണ് താരം കൗണ്ടിയില്‍ ബാറ്റേന്തുന്നത്. വാര്‍വിക്‌ഷെയറിനെതിരെയാണ് കരുണ്‍ നായര്‍ അരങ്ങേറ്റം കുറിച്ചത്.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കരുണ്‍ നായര്‍ തിളങ്ങിയത്. 177 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 78 റണ്‍സാണ് താരം നേടിയത്.
എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വാര്‍വിക് ഷെയര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബെയേഴ്‌സ് ക്യാപ്റ്റന്‍ വില്‍ റൂഡ്‌സിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു വാര്‍വിക്‌ഷെയര്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്.
ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ ഓപ്പണര്‍ ഹസന്‍ ആസാദിനെ നോര്‍താംപ്ടണ്‍ഷെയറിന് നഷ്ടമായിരുന്നു. 15 പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. പിന്നാലെ വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ ക്യാപ്റ്റന്‍ ലൂക് പ്രോക്ടറിനും പിഴച്ചു. 19 പന്തില്‍ അഞ്ച് റണ്‍സുമായി താരം തിരികെ നടന്നു.
എന്നാല്‍ നാലാം നമ്പറില്‍ കരുണ്‍ നായര്‍ ഇറങ്ങിയതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. ഓപ്പണറായ എമിലിയോ ഗേയെ കൂട്ടുപിടിച്ചാണ് കരുണ്‍ നായര്‍ നോര്‍താംപ്ടണ്‍ഷെയര്‍ ഇന്നിങ്‌സിന് ജീവന്‍ നല്‍കിയത്.
24ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 171ാം റണ്‍സിലാണ്. ഗേയെ പുറത്താക്കി ഒലിവര്‍ ഹാന്നന്‍-ഡാല്‍ബിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 146 പന്തില്‍ നിന്നും 77 റണ്‍സടിച്ചാണ് ഗേ പുറത്തായത്.
പിന്നാലെയെത്തിയ റോബ് കിയോ 11 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി.
ടീം സ്‌കോര്‍ 185ല്‍ നില്‍ക്കവെ കരുണ്‍ നായരും മടങ്ങി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച കയ്യടി നേടിയാണ് കരുണ്‍ നായര്‍ ആദ്യ ഇന്നിങ്‌സിന് വിരാമമിട്ടത്.
നിലവില്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ബാറ്റിങ് തുടരുന്ന നോര്‍താംപ്ടണ്‍ഷെയര്‍ 74 ഓവറില്‍ 203 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 46 പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയ സെയഫ് സായിബും 31 പന്തില്‍ 11 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ലൂയീസ് മക്മനസുമാണ് ക്രീസില്‍.
ഇന്ത്യക്കായി ആറ് ടെസ്റ്റില്‍ നിന്നും ഏഴ് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത കരുണ്‍ നായര്‍ 374 റണ്‍സാണ് നേടിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 303 റണ്‍സാണ് താരത്തിന്റെ ടോപ് സ്‌കോര്‍.
62.33 ശരാശരിയിലും 73.91 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് നേടിയത്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ദി നെക്‌സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കപ്പെട്ട കരുണ്‍ നായര്‍ പിന്നീട് അവസരങ്ങള്‍ ലഭിക്കാതെയും തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ സാധിക്കാതെയും വിസ്മൃതിയിലാണ്ടുപോവുകയായിരുന്നു.
Content Highlight: Karun Nair scored half century for Northamptonshire